രോഗാവാസ്ഥ മുതല്‍ മാനസിക സമ്മര്‍ദം വരെ നിരവധി ഘടകങ്ങള്‍ ഉറക്കമില്ലായ്മക്ക് പിന്നിലുണ്ട്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പെട്ടന്നു ഉറക്കം കിട്ടാനും ഉറക്കം നന്നാവാനും സഹായിക്കും. മഗ്നീഷ്യവും ഉറക്കവും തമ്മില്‍ നേരിട്ടുള്ള ബന്ധത്തെ കുറിച്ച് ഇതുവരെ പഠനങ്ങളൊന്നും ഇല്ലെങ്കിലും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങളില്‍ മഗ്നീഷ്യം എന്ന ധാതു സ്വാധീനം ചെലുത്തുന്നു. കേന്ദ്ര നാഡീവ്യൂഹത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കുന്നതില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് ഗാമാ-അമിനോബ്യൂട്ടിക് ആസിഡ്. ഇത് നിങ്ങളുടെ ശരീരത്തെ ഉറങ്ങാന്‍ സജ്ജമാക്കും. നാഡീവ്യവസ്ഥയിലെ ചില സിഗ്നലുകളെ തടഞ്ഞു കൊണ്ട് പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. പേശികള്‍ വിശ്രമിക്കുമ്പോള്‍ ഉറക്കം പെട്ടെന്ന് ഉണ്ടാവുകയും ഉറക്കത്തിന് ഗുണനിലവാരം കൂടുകയും ചെയ്യുന്നു. സ്ലീപ്-വേക്ക് സൈക്കിള്‍ നിയന്ത്രിക്കുന്ന മെലാറ്റോണിന്‍ ഹോര്‍മോണിനെ സ്വാധീനിക്കാന്‍ മഗ്നീഷ്യത്തിന് സാധിക്കും. ശരീരത്തില്‍ മെലാറ്റോണിന്‍ ഉല്പാദനം കൂടുന്നത് ശരീരത്തിനെ ഉറങ്ങാന്‍ സഹായിക്കും. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവു കുറയ്ക്കാന്‍ മഗ്നീഷ്യം സഹായിക്കും. ഇത് ശരീരവും മനസ്സും ശാന്തമാകാനും ഗുണനിലവാരമുള്ള ഉറക്കം നല്‍കാനും സഹായിക്കും. ചീര, ഓട്സ്, ബ്രൗണ്‍ റൈസ്, പയറുവര്‍ഗം, ബദാം, കശുവണ്ടി, വിത്തുകള്‍, തൈര് എന്നിവയില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. സപ്ലിമെന്റ് രൂപത്തിലും മഗ്നീഷ്യം കഴിക്കാം. അതേസമയം മഗ്നീഷ്യം അമിതമായാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാനും രക്തസമ്മര്‍ദം കുറയാനും ഹൃദയമിടിപ്പ് ക്രമരഹിതമാകാനും സാധ്യതയുണ്ട്.