ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ കരസ്ഥമാക്കി മാരുതി സുസുക്കി ഡിസയര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ നാല് സ്റ്റാറും ഡിസയര്‍ സ്വന്തമാക്കി. ആറ് എയര്‍ബാഗുകളും ഇഎസ്സിയും പെഡസ്ട്രിയന്‍ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡല്‍ മുതലുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 ല്‍ 31.24 മാര്‍ക്കും കുട്ടികളുടെ സുരക്ഷയില്‍ 48 ല്‍ 39.20 മാര്‍ക്കും ഡിസയറിന് ലഭിച്ചു. പുതിയ ഡിസയറിനെ നവംബര്‍ 11 നാണ് മാരുതി വിപണിയില്‍ അവതരിപ്പിക്കുന്നത്. പഴയ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തില്‍ പുതിയ എന്‍ജിനുമാണ് വാഹനം വിപണിയില്‍ എത്തുന്നത്. സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റര്‍ മൂന്ന് സിലിണ്ടര്‍ കെ12എന്‍ എന്‍ജിനാണ് വാഹനത്തില്‍. 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. 5 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍. മാനുവല്‍ മോഡലിന് 24.7 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 25.7 കിലോമീറ്ററും സിഎന്‍ജി മോഡലിന് 33.73 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.