ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജ. ഡി.വൈ.ചന്ദ്രചൂഡ് നിയമിതനാകും. ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനു ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നവംബർ 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് നടന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്ന ഈ കൃത്യത്തിൽ ആദ്യം തന്നെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് അതീവ ഗൗരവമെന്ന് ചെന്നിത്തല പറഞ്ഞു. ആദ്യം നടന്ന മിസ്സിംഗ് കേസ് അന്വേഷിച്ചില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. ഇത്തരത്തിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന നിയമം കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് യുവജന കമ്മീഷന്‍ മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാൻ വ്യക്തികൾ തയ്യാറാകുന്നത് സമൂഹത്തിൻ്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്. അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നിൽക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും യുവജന കമ്മീഷന്‍. പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണെന്നും യുവജന കമ്മീഷന്‍ പ്രതികരിച്ചു.
കൊല്ലത്ത് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ജീപ്പ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകനായ കുണ്ടറ ജോസിനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് തേവള്ളിയിൽ നിന്നും അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്.പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിൻ്റെ സംസ്കാരം കഴിഞ്ഞു. മുലായത്തിൻ്റെ ജന്മനാടായ ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സഫയിൽ ആയിരുന്നു സംസ്കാരം ചടങ്ങുകൾ. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ ദേശീയരാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുത്തു. മകൻ അഖിലേഷ് യാദവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
പത്തനംതിട്ടയിൽ രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ ഏജന്റ് മുഹമ്മദ് ഷാഫി കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണെന്ന് റിപ്പോർട്ട് . രണ്ട് വർഷം മുമ്പ്, 2020 ആഗസ്റ്റിലായിരുന്നു വൃദ്ധയെ പീഡിപ്പിച്ചത് . പ്രതി വൃദ്ധയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വർഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.
https://youtu.be/NXOBW7wTUiE