ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ മറ്റൊരു കരിയര്‍ ബെസ്റ്റാകും ഛുപ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 23 ന് ഛുപ് തിയറ്ററുകളില്‍ എത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഛുപ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്.
ജയം രവി നായകനായി പ്രഖ്യാപിച്ച സിനിമയാണ് ‘സൈറണ്‍’. കീര്‍ത്തി സുരേഷ് ആണ് നായിക. ഇപ്പോഴിതാ തെന്നിന്ത്യയുടെ മറ്റൊരു പ്രിയതാരം കൂടി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നടി അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് സൈറണ്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍ ഏറ്റവും ഒടുവില്‍ നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘കാര്‍ത്തികേയ 2’ ആണ്. അനുപമ പരമേശ്വരന്‍ നായികയാകുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് ‘ബട്ടര്‍ഫ്‌ലൈ’.
സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി പുതിയ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി. 24 മണിക്കൂറും സേവനം ലഭിക്കുന്നവിധമാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, വായ്പയ്ക്ക് അപേക്ഷിക്കല്‍, ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യല്‍, ചെക്ക്ബുക്കിന് അപേക്ഷിക്കല്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങി വിവിധ സേവനങ്ങള്‍ എസ്എംഎസ് വഴി പ്രയോജനപ്പെടുത്താമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. നിലവില്‍ ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക കീ വേര്‍ഡുകള്‍ ടൈപ്പ് ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഇവിടെ ഇതിന്റെ ആവശ്യമില്ലെന്ന് ബാങ്ക് പറയുന്നു.
പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെല്‍ക്കിന് കൊല്‍ക്കത്തയിലെ ടെക്‌നോ ഇലക്ട്രിക്കല്‍സില്‍ നിന്ന് 45 കോടി രൂപയുടെ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണ ഓര്‍ഡര്‍ ലഭിച്ചു. രണ്ട് 315 എം.വി.എ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഛത്തീസ്ഗഢ് സ്റ്റേറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡിനും രണ്ട് 100 എം.വി.എ ട്രാന്‍സ്‌ഫോര്‍മറുകള്‍ കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് ഡിവിഷനിലേക്കുമാണ് ഓര്‍ഡര്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ കൈമാറണം. കഴിഞ്ഞവര്‍ഷം ടെല്‍ക് ഛത്തീസ്ഗഢിലേക്ക് രണ്ട് 315 എം.വി.എ ട്രാന്‍സ്‌ഫോര്‍മറുകള്‍ നല്‍കിയിരുന്നു. അടുത്ത 5 വര്‍ഷത്തെ വൈദ്യുതി ഉപഭോഗ കണക്കുകള്‍ പ്രകാരം 40 മുതല്‍ 50 ശതമാനം അധികം വൈദ്യുതി ഉത്പാദനവും പ്രസരണവും വേണ്ടിവരുമെന്നുമാണ് ടെല്‍ക്കിന്റെ വിലയിരുത്തല്‍. ഇതുപ്രകാരം വരുംവര്‍ഷങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ കൂടുതല്‍ ഓര്‍ഡറുകള്‍ നേടാനുള്ള ശ്രമങ്ങളിലാണ് കമ്പനി. കഴിഞ്ഞവര്‍ഷം ലഭിച്ച 250 കോടിയുടെ ഓര്‍ഡര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
ഹീറോ മോട്ടോകോര്‍പ്പ് 2022 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 2022 ഓഗസ്റ്റില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ മൊത്തത്തില്‍ 1.9 ശതമാനം വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയിലും മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയിലും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം സ്‌കൂട്ടര്‍ വില്‍പ്പനയിലും കയറ്റുമതിയിലും ഇടിവും രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഈ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ 4,62,608 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 2021 ഓഗസ്റ്റില്‍, ഹീറോ മോട്ടോര്‍കോര്‍പ്പ് 4,53,879 യൂണിറ്റുകള്‍ വിറ്റു. അതായത് കഴിഞ്ഞ മാസം 1.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ആഭ്യന്തര വില്‍പ്പന മാത്രം 2022 ഓഗസ്റ്റില്‍ 4,50,740 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 4,31,137 യൂണിറ്റുകളെ അപേക്ഷിച്ച്, ഇത് 4.5 ശതമാനം വളര്‍ച്ച സൂചിപ്പിക്കുന്നു.
ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തിലെ നിരക്ഷരരായ മനുഷ്യര്‍ക്കു വേണ്ടി സ്വയം ഉഴിഞ്ഞുവെച്ച മലയാളി വനിതയുടെ യഥാര്‍ത്ഥജീവിതത്തിന്റെ നോവലാഖ്യാനം. വായനക്കാര്‍ക്ക് പ്രണയത്തിന്റെയും നിരാശയുടെയും വേദനയുടെയും മറ്റൊരു ലോകം കാട്ടിത്തരുന്ന അഭൗമമായ വായനാനുഭവം. ‘സ്വപ്നവിത്തുകളുമായി ഒരു തീവണ്ടി’. ചന്ദ്രബാബു പനങ്ങാട്. മാതൃഭൂമി ബുക്‌സ്. വില 275 രൂപ.
കാലക്രമേണ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഇത് പിടിപെടുന്നത് ആളുകള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാള്‍ പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ കൂടുതല്‍ സാധാരണമായിത്തീരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അവസ്ഥകളും വൈജ്ഞാനിക തകര്‍ച്ചയ്ക്ക് കാരണമായേക്കാം. ഡിമെന്‍ഷ്യ സാധ്യത തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. റാസ്ബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, ചെറി എന്നിവയിലെല്ലാം ആന്തോസയാനിന്‍ എന്ന ഫ്‌ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകളും ധാരാളം വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് നട്‌സ്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളെ തടയുന്നതിന് നട്‌സ് സഹായിക്കുന്നു. വാള്‍നട്ടിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഫൈറ്റോകെമിക്കലുകള്‍ക്ക് മസ്തിഷ്‌ക കോശങ്ങളുടെ വീക്കം കുറയ്ക്കാനും പ്രായമാകല്‍ പ്രക്രിയയിലുടനീളം മികച്ച മസ്തിഷ്‌ക ആരോഗ്യം നിലനിര്‍ത്താനും കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫ്‌ളാക്‌സ് സീഡുകള്‍, സൂര്യകാന്തി വിത്തുകള്‍, അതുപോലെ മത്തങ്ങ വിത്തുകള്‍ എന്നിവയില്‍ ആന്റിഓക്സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിന്‍, വിറ്റാമിന്‍ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒലിവ് ഓയില്‍, ഫ്‌ളാക്‌സ് സീഡുകള്‍, ട്യൂണ, സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡിഎച്ച്എ ഉള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്. ഡിമെന്‍ഷ്യയെ ചെറുക്കുന്നതിനും തടയുന്നതിനും ഒമേഗ-3 ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. നല്ല മസ്തിഷ്‌ക ആരോഗ്യം നേടുന്നതിന് പ്രതിദിനം 200 മില്ലിഗ്രാം ഡിഎച്ച്എ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.