ഭഗവന്ദ് കേസരി എന്ന ചിത്രമാണ് ബാലയ്യയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഇതിന് ശേഷം കെ.എസ് രവീന്ദ്രയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാനടി, സീതാരാമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള താരമാണ് ദുല്‍ഖര്‍. ബാലകൃഷ്ണയ്ക്കൊപ്പം ദുല്‍ഖര്‍ വന്നാല്‍ എങ്ങനെയുണ്ടാവുമെന്ന് അറിയാനുള്ള കൗതുകത്തിലാണ് സിനിമാപ്രേമികള്‍. കിംഗ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖറിന്റെ അവസാന റിലീസ്. ചിത്രം തിയേറ്ററില്‍ ഫ്ലോപ്പ് ആയിരുന്നു. മണിരത്നം-കമല്‍ ഹാസന്‍ കോമ്പോയില്‍ എത്തുന്ന തഗ് ലൈഫ്, സൂര്യ നായകനാവുന്ന തമിഴ് ചിത്രം പുറനാനൂറ്, വെങ്ക് അട്ലൂരിയുടെ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ എന്നിവയാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.