സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നികുതി കുടിശിക നിവാരണത്തിനായി നടപ്പാക്കാനിരിക്കുന്ന ആംനസ്റ്റി പദ്ധതിയില്‍ 50,000 രൂപ വരെയുള്ള കുടിശിക എഴുതിത്തള്ളും. കുടിശികയുള്ളവരില്‍ ഏറ്റവും കുറവ് തുക അടക്കാനുള്ളവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. അമ്പതിനായിരത്തില്‍ കൂടുതലുള്ള കുടിശിക തുകകളെ മൂന്നു സ്ലാബുകളാക്കി തിരിച്ചാണ് ഇളവ് നല്‍കുന്നത്. കുടിശിക നിവാരണത്തിന് ഇത്തവണ നാല് സ്ലാബുകള്‍ ആണ് ഉള്ളത്. 50,000 രൂപയില്‍ താഴെയുള്ള സ്ലാബിലാണ് എല്ലാ കുടിശികയും എഴുതി തള്ളുന്നത്. ഈ വ്യാപാരികള്‍ ഒന്നും അടക്കേണ്ടതില്ല. ഏതാണ്ട് 20,000 വ്യാപാരികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രണ്ടാമത്തെ സ്ലാബ് 50,001 രൂപ മുതല്‍ പത്തു ലക്ഷം വരെ കുടിശികയുള്ളവര്‍ക്കുള്ളതാണ്. ഇതില്‍ നികുതി കുടിശികയുടെ ഏഴുപത് ശതമാനം ഇളവ് ലഭിക്കും. അടക്കാനുള്ള നികുതിയുടെ മുപ്പത് ശതമാനം അടച്ചാല്‍ മതിയാകും. പത്തു ലക്ഷം മുതല്‍ ഒരു കോടി വരെ കുടിശികയുള്ളവരുടെ മൂന്നാമത്തെ സ്ലാബില്‍ അറുപത് ശതമാനം ഇളവാണ് ലഭിക്കുക. ഇതേ സ്ലാബില്‍ തന്നെ കോടതിയില്‍ കേസുകളുള്ള അകൗണ്ടുകളാണെങ്കില്‍ ഇളവ് അമ്പത് ശതമാനമാണ്. ഒരു കോടി രൂപക്ക് മുകളിലുള്ള കുടിശികകള്‍ക്ക് മുപ്പത് ശതമാനമാണ് ഇളവ്. ഇതില്‍ തന്നെ നിയമത്തര്‍ക്കം ഉള്ളവയില്‍ ഇരുപത് ശതമാനം ഇളവ് മാത്രമാണ് ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ആംനസ്റ്റി പദ്ധതി നിലവില്‍ വരുന്നത്. സെപ്തംബര്‍ 30 നുള്ളില്‍ വ്യാപാരികള്‍ കുടിശിക നിവാരണത്തിന് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ നല്‍കണം. ഡിസംബര്‍ 31 നുള്ളില്‍ ആംനസ്റ്റി നടപടികള്‍ അവസാനിക്കും. രാജ്യത്ത് ജി.എസ്.ടി സംവിധാനം നിലവില്‍ വന്ന 2017 ജൂലൈ ഒന്നിന് മുമ്പുള്ള ഫയലുകളിലെ കുടിശികയാണ് ഇത്തവണ പരിഗണിക്കുന്നത്.