ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്‌യുവി ഉറുസിന്റെ പെര്‍ഫോമെന്റെ മോഡല്‍ സ്വന്തമാക്കി ദുബായ് പൊലീസ്. ലംബോര്‍ഗിനി, ഫെരാരി, മെക്ലാരന്‍, ബുഗാട്ടി തുടങ്ങിയ സൂപ്പര്‍കാറുകളുടേയും ബെന്റലി, ബെന്‍സ്, പോര്‍ഷെ തുടങ്ങിയ അത്യാഡംബര കാറുകളുടേയും വലിയ നിരതന്നെയുണ്ട് ഈ പൊലീസ് സേനയുടെ ഗാരിജിലുണ്ട്. ആ നിരയുടെ പകിട്ട് കൂട്ടിയാണ് ഈ സൂപ്പര്‍ എസ്‌യുവി കൂടി എത്തുന്നത്. പുതിയ സൂപ്പര്‍എസ്‌യുവി ദൂബായ് പൊലീസിന് കൈമാറിയ വിവരം ലംബോര്‍ഗിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഉറുസിനെ കൂടാതെ അവന്റഡോറും പൊലീസിന്റെ വാഹന വ്യൂഹത്തിലുണ്ട്. ലംബോര്‍ഗിനി എസില്‍ നിന്ന് ചെറിയ മാറ്റങ്ങളുള്ള മോഡലാണ് പെര്‍ഫോമെന്റെ. ഉറുസ് എസിന്റെ 4 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ് പെര്‍ഫോമെന്റെ മോഡലിനും. എന്നാല്‍, 16 എച്ച്പി അധിക കരുത്തുണ്ട്. 666 എച്ച്പിയാണ് ഈ വേരിയന്റിന്റെ കരുത്ത്. 850 എന്‍എം ടോര്‍ക്കാണ് പെര്‍ഫോമെന്റെയിലും ഉള്ളത്. കേവലം 3.3 സെക്കന്‍ഡില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 306 കിലോ മീറ്ററാണ് പെര്‍ഫോമെന്റെയുടെ പരമാവധി വേഗം.