ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. കാലുകളെയാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം ക്ലോട്ടുകള്‍ രൂപപ്പെടുന്നത് കാലുകളില്‍ നീര്‍ക്കെട്ട് പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകാറുണ്ട്. ദീര്‍ഘനേരം ഓരേ രീതിയില്‍ തന്നെ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം കാലുകളിലെ രക്തക്കുഴലുകളില്‍ ക്ലോട്ട് രൂപപ്പെടാന്‍ കാരണമാകും. ഡീപ് വെയ്ന്‍ ത്രോംബോസിസ് നിസാരമായി കണ്ട് അവഗണിക്കുന്നത് അപകടമാണ്. കാരണം ഇത് ധമനികളിലെ ക്ലോട്ട് പിന്നീട് രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തില്‍ നിന്നുള്ള രക്തമൊഴുക്കിനെ തടയാന്‍ കാരണമായേക്കാം. പള്‍മനറി എംബോളിസം എന്നാണ് ഇതിനെ പറയുന്നത്. ഡീപ് വെയ്ന്‍ ത്രോംബോസിസും പള്‍മനറി എംബോളിസവും ഒന്നിച്ചുള്ള അവസ്ഥയെ വെനസ് ത്രോംബോ എംബോളിസം എന്നാണ് പറയുന്നത്. കാലുകളിലെ നീര്‍ക്കെട്ട്, കണങ്കാലില്‍ തുടങ്ങി കാലിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന വേദന, കാലിലെ ചര്‍മത്തിന്റെ നിറം ചുവപ്പോ പര്‍പ്പിളോ ആയി മാറുന്നത്, കാലുകള്‍ക്ക് പുകച്ചില്‍ അനുഭവപ്പെടുക എന്നിവയാണ് ഡീപ് വെയ്ന്‍ ത്രോംബോസിന്റെ ലക്ഷണങ്ങള്‍. ഇത് പള്‍മനറി എംബോളിസത്തിലേക്ക് നയിക്കുമ്പോള്‍ പെട്ടെന്ന് ശ്വാസം മുട്ടല്‍ ഉണ്ടാകുകയും നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യാം. ചുമയ്ക്കുമ്പോഴോ ശ്വാസമെടുക്കുമ്പോഴുമൊക്കെ ഈ വേദന കൂടുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇതിനുപുറമേ, തലകറക്കം, ബോധം കെട്ട് വീഴല്‍, ഹൃദയമിടിപ്പ് ഉയരുക, വേഗത്തിലുള്ള ശ്വാസഗതി, രക്തം ഛര്‍ദ്ദിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.
അവഗണിക്കരുത്, ഡീപ് വെയ്ന്‍ ത്രോംബോസിസ്!
