Untitled design 20250121 193029 0000

ഡൊണാൾഡ് ജോൺ ട്രംപ്….!!!

ഡൊണാൾഡ് ജോൺ ട്രംപ് ഒരു അമേരിക്കൻ ബിസിനസുകാരനും മാധ്യമ പ്രവർത്തകനും രാഷ്ട്രീയക്കാരനുമാണ്. 2025 മുതൽ അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു ….!!

 

2025 ജനുവരി 20 മുതൽ അമേരിക്കയുടെ 47 മത് പ്രസിഡൻ്റായി തുടരുന്ന ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവാണ് ഡൊണാൾഡ് ജോൺ ട്രംപ്. 2016 മുതൽ 2020 വരെ അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആയിരുന്നു .

 

2016ൽ വളരെ അപ്രതീക്ഷിതമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്‌ ഔദ്യോഗികമായി സ്ഥാനമേറ്റു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബൈഡനോട് പരാജയപ്പെട്ട് സ്ഥാനമൊഴിഞ്ഞു. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ട്രമ്പ് ആകെ 538ൽ 312 ഇലക്ട്രൽ കോളേജ് വോട്ട് നേടി അമേരിക്കയുടെ നാൽപ്പത്തി ഏഴാമത് നിയുക്ത പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

 

എതിരാളിയായി മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ വനിത പ്രസിഡൻ്റ് സ്ഥാർത്ഥി കമല ഹാരീസിന് 226 വോട്ടുകൾ മാത്രമെ നേടാൻ കഴിഞ്ഞുള്ളൂ.ജോ ബൈഡൻ പ്രസിഡൻ്റായി 2020 മുതൽ 2024 വരെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ നാല് വർഷത്തെ ഭരണത്തിന് ശേഷമാണ് ഡൊണാൾഡ് ട്രമ്പിൻ്റെ തിരിച്ചുവരവ്.

 

ഡൊണാൾഡ് ജോൺ ട്രംപ് 1946 ജൂൺ 14 ന് ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബറോയിലെ ജമൈക്ക ആശുപത്രിയിൽ ജനിച്ചു. ജർമ്മൻ കുടിയേറ്റക്കാരനും ബ്രോങ്ക്സിൽ ജനിച്ച റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായിരുന്ന ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കോട്ടിഷ് വംശജയായ വീട്ടമ്മ മേരി ആൻ മക്ലിയോഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ക്വീൻസിലെ ജമൈക്ക എസ്റ്റേറ്റ്സ് പരിസരത്ത് വളർന്ന ട്രംപ് കിന്റർഗാർട്ടൻ മുതൽ ഏഴാം ക്ലാസ് വരെ ക്യൂ-ഫോറസ്റ്റ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു.

 

പതിമൂന്നാമത്തെ വയസ്സിൽ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളായ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർന്നു. 1964 ൽ അദ്ദേഹം ഫോർധാം സർവകലാശാലയിൽ ചേർന്നു. രണ്ടു വർഷത്തിനുശേഷം അദ്ദേഹം പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്‌കൂളിലേക്ക് മാറി.വാർട്ടണിൽ ആയിരിക്കുമ്പോൾ, എലിസബത്ത് ട്രംപ് & സൺ എന്ന കുടുംബ ബിസിനസിൽ ജോലിയെടുത്തിരുന്നു.1968 മെയ് മാസത്തിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദം നേടി.

1971-ൽ പിതാവിൻ്റെ റിയൽ എസ്റ്റേറ്റ് നിർമ്മാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. ട്രമ്പ് ഓർഗനൈസേഷൻ എന്ന പേരിൽ നിർമ്മാണ കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയി. ലോക രാജ്യങ്ങളിൽ കാസിനോകളും റിസോർട്ടുകളും ഗോൾഫ് ക്ലബുകളും ആരംഭിച്ചു. മാൻഹട്ടണിൽ 1983-ൽ ട്രമ്പ് ടവർ എന്ന പേരിൽ ഒരു ടവർ പ്രവർത്തനം ആരംഭിച്ചു. പിന്നീടിത് ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിണമിച്ചു. 1994-ൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൻ്റെ സഹ പാർട്ട്ണറായ ട്രമ്പ് വിമാന സർവീസ്, ഗെയിം, പെർഫ്യൂം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണ വിഭവങ്ങൾ, വാച്ചുകൾ എന്നിവ ട്രമ്പ് എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കിയിരുന്നു.

ഇരുപത് വർഷത്തിനിടെ ഇലക്ട്രൽ വോട്ടും പോപ്പുലർ വോട്ടും നേടി അമേരിക്കയുടെ പ്രസിഡൻ്റായ ആദ്യ റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് ട്രമ്പ്.രാഷ്ട്രീയം ഡൊണാൾഡ് ട്രമ്പിന് ഒരു ഹോബി പോലെയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നല്ല രീതിയിൽ തന്നെ സംഭാവനകൾ നൽകിയിരുന്ന ട്രമ്പ് 1987 വരെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായിരുന്നു.

1987-ൽ റിപ്പബ്ലിക് പാർട്ടിയിൽ ചേർന്ന ട്രമ്പ് പിന്നീട് പാർട്ടി വിട്ട് റിഫോം പാർട്ടിയിൽ ചേർന്നെങ്കിലും നേരത്തെ പ്രവർത്തിച്ചിരുന്ന റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ മടങ്ങിയെത്തി. 2016 വരെ ഒരു ഭരണപദവിയും വഹിക്കാതെ തന്നെ രാഷ്ട്രീയക്കാരൻ അല്ലാത്തതിൻ്റെ ബലത്തിൽ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായ ട്രമ്പ് പുതുമകളുടെ ബലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ ആദ്യമായി അമേരിക്കയുടെ പ്രസിഡൻറ് പദവിയിൽ എത്തി ചേർന്നു.

 

മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവ് ബിൽ ക്ലിൻ്റൻ്റെ ഭാര്യയായ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് 2016 ൽ ട്രമ്പ് ആദ്യമായി അമേരിക്കൻ പ്രസിഡന്റായത്. സാമ്പത്തിക പുരോഗമനം വന്ന നാല് വർഷത്തെ ട്രമ്പിൻ്റെ ഭരണകാലത്ത് തന്നെ 2019 ആണ്ടിൻ്റെ അവസാനം ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിച്ചതിനെ തുടർന്ന് ട്രമ്പിൻ്റെ കരിയറിലും വഴിത്തിരിവ് വന്നു. മഹാമാരി വരുത്തി വച്ച സാമൂഹിക-സാംസ്കാരിക മാറ്റങ്ങളും തൊഴിൽ ഇല്ലായ്മയും ട്രമ്പിൻ്റെ ഭരണ നേട്ടങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി.

 

ക്രിമിനൽ കേസുകളിൽ കോടതികളിൽ നിന്ന് പ്രതികൂല വിധികൾ വന്നതോടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിച്ചു എന്ന് പലരും പറഞ്ഞെങ്കിലും കടമ്പകൾ എല്ലാം വിജയകരമായി പിന്നിട്ട് 2024 നവംബർ 6ന് ഫ്ലോറിഡയിൽ നടന്ന റാലിയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയ പ്രഖ്യാപനം നടത്തിയ ട്രമ്പ് 2025 ജനുവരി 20ന് അമേരിക്കയുടെ നാൽപ്പത്തി ഏഴാമത് പ്രസിഡൻ്റായി വൈറ്റ് ഹൗസിൽ അധികാരമേറ്റു.2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ തന്നെ തനിക്ക് എതിരെ നടന്ന വധശ്രമങ്ങളെ അതിജീവിച്ച ട്രമ്പ് ആ സംഭവങ്ങളെ ദൈവനിയോഗം, ദൈവാനുഗ്രഹം എന്നാണ് വിശേഷിപ്പിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *