ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ…… X എന്ന് വലുതായി ഇങ്ങനെ എഴുതിയിരിക്കുന്നത് എന്തിനാണ് എന്നറിയാമോ…… ?
ആ വലിയ X -ന്റെ പിന്നിലെ വസ്തുത എന്താണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ് . ഏറ്റവും അവസാനത്തെ കോച്ചിൽ X എന്ന് രേഖപ്പെടുത്തുന്നത് അത് ട്രെയിനിന്റെ അവസാനത്തെ കോച്ച് ആണെന്ന് സൂചിപ്പിക്കാനും, കൂടാതെ ട്രെയിൻ മുഴുവൻ കോച്ചുകളുമായാണ് കടന്നുപോയതെന്നും,കോച്ചുകളൊന്നും വിട്ടുപോയിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കാൻ വേണ്ടിയാണെന്നും റെയിൽവേ മന്ത്രാലയം പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കുന്നു. ഇനി അവസാനത്തെ കോച്ചിനു പിന്നിൽ X എന്ന് രേഖപ്പെടുത്താത്ത ഒരു ട്രെയിൻ കടന്നുപോവുകയാണെങ്കിൽ ട്രെയിൻ എന്തോ അടിയന്തര സാഹചര്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, അതിന്റെ അവസാനത്തെ കമ്പാർട്മെന്റ് ഇല്ലാതെ മുന്നോട്ടു പോവുകയാണെന്നുമാകും സ്റ്റേഷൻ മാസ്റ്റർ മനസ്സിലാക്കുക.സൂക്ഷിച്ചു നോക്കിയാൽ, X എന്ന് രേഖപ്പെടുത്തിയത് കൂടാതെ എൽ.വി. (LV) എന്നു കൂടി അവസാനത്തെ കോച്ചിൽ രേഖപ്പെടുത്തിയിട്ടുണ്ട്. LV എന്നാൽ ലാസ്റ്റ് വെഹിക്കിൾ എന്നാണ് ഉദ്ദേശിക്കുന്നത്. ട്രെയിനിന്റെ മുഴുവൻ കോച്ചുകളും ഉണ്ടെന്ന് ഗേറ്റ്മെൻമാർക്കും സിഗ്നൽമെൻമാർക്കും കാബിൻ പേഴ്സണൽസിനും ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. കോച്ചുകൾ ഏതെങ്കിലും വിട്ടുപോയാൽ അത് അപകടങ്ങൾക്ക് വഴിവെക്കും. അതിനു വേണ്ടിയാണ് ഈ LV രേഖപ്പെടുത്തൽ.