നമ്മുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീന്‍. മതിയായ പ്രോട്ടീന്‍ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത് പേശികളുടെ തകര്‍ച്ച, ദുര്‍ബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കും. ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും. ശരീരത്തില്‍ പ്രോട്ടീന്റെ അഭാവം മുടിയുടെ കട്ടി കുറയാനും നഖം പൊട്ടാനും ചര്‍മം വരളാനും കാരണമാകുന്നു. ഡയറ്റില്‍ പ്രോട്ടീന്‍ ഇല്ലാത്തത് പേശികളുടെ വലുപ്പം കുറയാന്‍ കാരണമാകും. പേശികളുടെ വലിപ്പം കുറയുന്നത് നിങ്ങളുടെ ദൈനംദിനം പ്രവര്‍ത്തനത്തെ വരെ ബാധിക്കും. എത്ര കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നത് പ്രോട്ടീന്‍ അഭാവത്തിന്റെ സൂചനയാണ്. ഇത് ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കില്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണത്തോട് ആസക്തി വളര്‍ത്തും. ഇത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം തകിടംമറിക്കും. ഇത് മാനസികാവസ്ഥയെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള മാനസിക പ്രശ്നങ്ങളിലേക്ക് ക്രമേണ നയിക്കുകയും ചെയ്യും. മുട്ട, ചിക്കന്‍, മീന്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, നട്സ്, വിത്തുകള്‍, ചീസ്, കടല, ബീന്‍സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്. കോശങ്ങളുടെ തകരാര്‍ പരിഹരിക്കുന്നതിനും നിര്‍മിക്കുന്നതിനും പ്രോട്ടീന്‍ അനിവര്യമാണ്. ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താത്തത് മുറിവുകള്‍ ഉണങ്ങുന്നത് മന്ദഗതിയിലാക്കും. മുറിവുകള്‍ ഉണങ്ങാന്‍ പതിവിലും സമയമെടുക്കുന്നത് പ്രോട്ടീന്റെ കുറവിനെ സൂചിപ്പിക്കുന്നു. ദുര്‍ബലമായ പ്രതിരോധശേഷി പ്രോട്ടീന്‍ അപര്യാപ്തതയുടെ മറ്റൊരു സൂചനയാണ്. അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ പ്രോട്ടീനുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പ്രോട്ടീനുകളുടെ കുറവ് രോഗപ്രതിരോധത്തെ ബാധിക്കുകയും ജലദോഷം പോലുള്ള അണുബാധ പതിവാകുകയും ചെയ്യുന്നു.