Untitled design 20240617 191309 0000

 

നളദമയന്തി കഥയൊക്കെ അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിൽ വായിച്ചിരിക്കുമല്ലോ. എന്നാൽ ഇന്ന് നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യർ എങ്ങിനെ രചിച്ചു എന്ന് നോക്കാം…..!!!

ഉണ്ണായിവാര്യർ പ്രശസ്തനായ കവിയും ആട്ടക്കഥാകൃത്തുമാണ്. ക്രിസ്തു വർഷം1682 നും 1759 നും ഇടക്കാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു . തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഉണ്ണായി വാര്യരുടെ ജനനം. സംസ്കൃതത്തിലും, തർക്കശാസ്ത്രത്തിലും, വ്യാകരണത്തിലും, ജ്യോതിഷത്തിലും അദ്ദേഹം പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂർ, കാഞ്ചീപുരം എന്നിവടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. ശ്രീരാമനെ സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, നളചരിതം ആട്ടക്കഥ എന്നിവയാണ് വാര്യരുടെ കൃതികൾ.

നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സമീപമുള്ള അകത്തൂട്ട് വാര്യത്താണ് അദ്ദേഹം ജനിച്ചത്. രാമനെന്നായിരുന്നു പേര്. അത് ഉണ്ണിരാമനായി, ഉണ്ണായി എന്ന ചെല്ലപ്പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി . കൂടൽമാണിക്യസ്വാമിക്ക് മാല കെട്ടലാകുന്ന കഴകം അകത്തൂട്ട് വാര്യത്തേകായിരുന്നു. അതിനാൽ ബാല്യകാലം മുതൽക്ക് തന്നെ കൂടൽമാണിക്യസ്വാമിയെ സേവിക്കാനും,ഭഗവാനിൽ ദാസ്യഭക്തിയെ വളർത്താനും ഉണ്ണായിവാര്യർക്ക് സാധിച്ചു.

കുലത്തൊഴിലായ മാലകെട്ടലിലൂടെ ദിവസേന സംഗമേശ്വരനെ ആരാധിച്ചിരുന്ന ഒരു ഭക്തനായിരുന്നു ഉണ്ണായിവാര്യർ. ഉണ്ണായിവാര്യരുടെ ഭക്തിനിർഭരമായ ഒരു സ്തോത്രകാവ്യമാണ് ‘ശ്രീരാമപഞ്ചശതി’. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങളെക്കൊണ്ട് മാലക്കെട്ടി സംഗമേശ്വരന്സമർപ്പിച്ചിരുന്ന അദ്ദേഹത്തിന്, സ്തോത്ര രൂപത്തിലുള്ള ഒരു മാല ഭഗവാന് അർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് മനോഹരമായ ഈ സ്തോത്രഹാരം. മേല്പപ്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണീയത്തെ മാതൃകയാക്കി, ശ്രീ സംഗമേശ്വരനെ അഭിസംബോധന ചെയ്ത്കൊണ്ട്, അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാല് ശ്ലോകങ്ങളെ കൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ ഒരു സ്തോത്ര കാവ്യമാണ്.

കഥകളിയുടെ സാഹിത്യരൂപത്തിനാണ് ആട്ടക്കഥ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ അരങ്ങിൽ ആടുമ്പോഴാണ് ആട്ടക്കഥകൾക്കു പൂർണത ലഭിക്കുക. സാഹിത്യകൃതി എന്ന നിലയിൽ തന്നെ നളചരിതം ശ്രേഷ്ഠമായി നിലനിൽക്കുന്നു.ആട്ടക്കഥയുടെ നിയതമായ ചിട്ടവട്ടങ്ങളെ വാര്യർ ലംഘിച്ചിരുന്നതായി കാണാം.പദ്യങ്ങൾ സംസ്കൃതത്തിലും പദങ്ങൾ മലയാളത്തിലും രചിക്കുന്ന രീതിയൊന്നും അദ്ദേഹം പിന്തുടർന്നു കാണുന്നില്ല. നാടകീയതയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കാവ്യഗുണത്തിൻറെ കാര്യത്തിൽ മുൻപുണ്ടായിരുന്ന എല്ലാ കാവ്യങ്ങളെയും പിന്തള്ളാൻ നളചരിതം ആട്ടക്കഥയ്ക്കായി.

കൃതികളെക്കുറിച്ച് തർക്കമുണ്ട്. എത്ര കൃതികൾ രചിച്ചുവെന്നോ അവയേതെന്നോ ഉള്ള കാര്യത്തിലൊന്നും ഒരു തിട്ടവുമില്ല. എന്നാൽ നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യരുടേതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഈയൊരൊറ്റ കൃതി മതി അദ്ദേഹത്തിന്റെ കവിത്വസിദ്ധിക്കു നിദർശനമായി ചൂണ്ടിക്കാട്ടാൻ. രാമപഞ്ചശതി, ഗിരിജാകല്യാണം എന്നീ കൃതികളും ഉണ്ണായി വാര്യരുടേതാണെന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു.

പാർവതി പരിണയം ആണ് ഗിരിജാകല്യാണത്തിന്റെ ഇതിവൃത്തം. ‘കിളിയെ കൊണ്ട് പാടിക്കാത്ത കിളിപ്പാട്ട്’ എന്നും ‘ഗീതാപ്രബന്ധം’ എന്നും ഈ കൃതി അറിയപ്പെടുന്നു.”വിഭക്തി ഉണ്ടെങ്കിൽ പഠിച്ചു പാടികൊൾവിൻ ” എന്നു കവി വായനക്കാരനോട് പറയുന്നത് ഈ കാവ്യത്തിലാണ്. ഉണ്ണായി വാര്യർ ഇന്ന് പ്രശസ്തനായ കവിയെ കുറിച്ച് ഏവർക്കും മനസ്സിലായി കാണുമല്ലോ. ഇനിയും പുതിയ അറിയാ കഥകൾ അടുത്ത ഭാഗങ്ങളിൽ വായിക്കാം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *