രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ച ലാഭവിഹിതം 3.26 ലക്ഷം കോടി രൂപ. 2021-22ലെ 2.6 ലക്ഷം കോടി രൂപയേക്കാള്‍ 26 ശതമാനം അധികം. ബി.എസ്.ഇ 500ല്‍ ലിസ്റ്റ് ചെയ്ത 317 കമ്പനികള്‍ ചേര്‍ന്ന് നല്‍കിയതാണ് 3.26 ലക്ഷം കോടി രൂപ. കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തില്‍ നിന്ന് 41.46 ശതമാനമായും ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 167.4 ശതമാനം വര്‍ദ്ധനയോടെ 42,090 കോടി രൂപ ലാഭവിഹിതം സമ്മാനിച്ച് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസാണ് കഴിഞ്ഞവര്‍ഷം ഒന്നാമത്. ഖനന രംഗത്തെ പ്രമുഖരായ വേദാന്തയാണ് രണ്ടാംസ്ഥാനത്ത്; ലാഭവിഹിതം 126 ശതമാനം വര്‍ദ്ധനയോടെ 37,758 കോടി രൂപ. 319 ശതമാനം വര്‍ദ്ധനയോടെ 31,899 കോടി രൂപ ലാഭവിഹിതവുമായി ഹിന്ദുസ്ഥാന്‍ സിങ്ക് മൂന്നാംസ്ഥാനത്തുണ്ട്. കോള്‍ ഇന്ത്യ 20,491 കോടി രൂപയും (വര്‍ദ്ധന 95.6 ശതമാനം) ഐ.ടി.സി 15,846 കോടി രൂപയും (വര്‍ദ്ധന 11.8 ശതമാനം) ലാഭവിഹിതം നല്‍കി. ഓഹരിയൊന്നിന് ഏറ്റവും ഉയര്‍ന്ന തുക ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനികളുടെ പട്ടികയിലും മുന്നില്‍ ടി.സി.എസാണ്. 115 രൂപ! 2021-22ല്‍ ഇത് 43 രൂപയായിരുന്നു. വേദാന്തയുടെ ലാഭവിഹിതം 45 രൂപയില്‍ നിന്ന് 101.50 രൂപയായി ഉയര്‍ന്നു. 18 രൂപയില്‍ നിന്ന് 75.50 രൂപയായാണ് ഹിന്ദുസ്ഥാന്‍ സിങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം ഉയര്‍ന്നത്. വേദാന്ത നടപ്പുവര്‍ഷത്തെ (2023-24) ആദ്യ ലാഭവിഹിതവും പ്രഖ്യാപിച്ച് കഴിഞ്ഞു. ഓഹരിയൊന്നിന് 18.50 രൂപവീതമാണിത്. ഈയിനത്തില്‍ കമ്പനി ആകെ ചെലവാക്കുന്നത് 6,877 കോടി രൂപയാണ്.