പലിശനിരക്ക് കൂടിയിട്ടും ബാങ്കുകളില്‍ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിതമായ രീതിയായിട്ടു പോലും നിക്ഷേപകരുടെ എണ്ണം കുറയുന്നത് ബാങ്കുകളെ ആശങ്കയിലാഴ്ത്തുന്നു. സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഈ വ്യത്യാസം കൂടുതല്‍ തെളിഞ്ഞു. വായ്പകകള്‍ വര്‍ധിക്കുമ്പോഴും വേണ്ടത്ര നിക്ഷേപം ഉയരുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ പാദത്തില്‍ വായ്പകളിലുണ്ടായ വര്‍ധന 11.35 ശതമാനമാണ്. നിക്ഷേപങ്ങളിലും ഉയര്‍ച്ചയുണ്ടെങ്കിലും 8.41 ശതമാനം മാത്രമാണ്. പ്രമുഖ പൊതുമേഖ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നിക്ഷേപം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2.67 ലക്ഷം കോടി രൂപയായി കുറഞ്ഞു. മുന്‍ പാദത്തില്‍ ഇത് 2.7 ലക്ഷം കോടിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന് പോലും നിക്ഷേപത്തില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ജൂണ്‍ പാദത്തില്‍ പ്രമുഖ ബാങ്കുകള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നര ശതമാനത്തോളം നിക്ഷേപക വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങള്‍ കുറയാനുള്ള കാരണങ്ങളിലൊന്ന് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് അടക്കം കൂടുതല്‍ ശ്രദ്ധ പതിയുന്നതാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന പ്രചാരണമാണ് ഓഹരി വിപണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നത്. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരുടേതാണ്. ഓഹരി വിപണിക്കൊപ്പം കടപ്പത്രങ്ങള്‍, സ്വര്‍ണം എന്നിവ മികച്ച വരുമാനം നല്‍കുന്നതും ബാങ്കുകള്‍ക്ക് തിരിച്ചടിയായി.