ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത വിസ്കിക്ക് ഡിമാന്‍ഡ് കൂടുകയാണ്. എന്നാല്‍ കയറ്റുമതിക്ക് ചില നിയമകുരുക്കുകളുണ്ട്. ഇന്ത്യന്‍ കാലാവസ്ഥ അനുസരിച്ച് ഇവിടെ വിസ്കി ഒരു വര്‍ഷത്തിനുള്ളില്‍ പാകപ്പെടാറുണ്ട്. പക്ഷേ ചില രാജ്യങ്ങള്‍ക്ക് അവരുടേതായ മാനദണ്ഡങ്ങളുണ്ട്. ഈ രാജ്യങ്ങളിലെ നിയമം അനുസരിച്ച് ഇവ മൂന്ന് വര്‍ഷമെടുത്ത് പാകപ്പെട്ടാല്‍ മാത്രമേ വാങ്ങുകയുള്ളു. സ്വതന്ത്ര വ്യാപാര കാരാറുകളുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഈ നിയമത്തില്‍ മാറ്റം വരുത്താനാകുമോ എന്നതും പരിശോധിക്കും. ഇത് ഇന്ത്യന്‍ നിര്‍മിത വിസ്കി കയറ്റുമതി ഉയര്‍ത്തും. സ്പിരിറ്റിന് ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതിനാല്‍ രാജ്യത്തെ മദ്യം ഉള്‍പ്പെടെയുള്ള ലഹരിപാനീയങ്ങളുടെ കയറ്റുമതി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ഡോളര്‍ (8,400 കോടി രൂപ) കടക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 32.5 കോടി ഡോളറിന്റെ (2,730 കോടി രൂപ) കയറ്റുമതിയാണ് നടന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി 23 കോടി ഡോളറിലെത്തിയതായി (1,932 കോടി രൂപ) വാണിജ്യ മന്ത്രാലയത്തിലെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ ആഗോള വ്യാപാരം ഏകദേശം 13,000 കോടി യു.എസ് ഡോളറാണ്.