2022 ഒക്ടോബറില്‍, ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ വിദ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചിരുന്നു. വിദ വി1 പ്ലസ്, വി1 പ്രോ എന്നിവയായിരുന്നു ഈ വേരിയന്റുകള്‍. ആദ്യത്തേതിന് 1.45 ലക്ഷം രൂപയും രണ്ടാമത്തേതിന് 1.59 ലക്ഷം രൂപയുമാണ് വില. എല്ലാ കണക്ടഡ് ഫീച്ചറുകളും ഒരു പോര്‍ട്ടബിള്‍ ചാര്‍ജറും ചാര്‍ജിംഗ് സേവനവും വിലകളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍, കമ്പനി ഹീറോ വിദ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ബെംഗളൂരുവില്‍ ആരംഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ബെംഗളൂരു, ജയ്പൂര്‍, ദില്ലി എന്നിവിടങ്ങളിലാണ് ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കുക. ഒറ്റ ചാര്‍ജില്‍ 143 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3.44കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് വി1 പ്ലസില്‍ നല്‍കിയിരിക്കുന്നത്. 165 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 3.94കിലോവാട്ട്അവര്‍ ബാറ്ററിയുമായാണ് വി1 പ്രോ വരുന്നത്.