നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ആദ്യ ഇന്ത്യന്‍ വെബ് സീരിസ് ‘ഡല്‍ഹി ക്രൈമിന്റെ’ സെക്കന്റ് സീസണ്‍ എത്തുന്നു. ആദ്യ സീസണിലെ സസ്‌പെന്‍സുകള്‍ അഴിച്ചുകൊണ്ടായിരിക്കും സെക്കന്റ് സീസണ്‍ എത്തുക. നെറ്റ്ഫ്‌ലിക്‌സില്‍ ആഗസ്റ്റ് 26-ണ് സീരിസിന്റെ സംപ്രേഷണം ആരംഭിക്കുക. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി ക്രൈം ഇന്റര്‍നാഷ്ണല്‍ എമ്മി പുരസ്‌കാരത്തിന് അര്‍ഹത നേടിയിരുന്നു. മികച്ച ഡ്രാമാ സീരിസ് എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം ലഭിച്ചത്. റിച്ചീ മെഹ്തയാണ് സീരീസിന്റെ സംവിധായകന്‍. ഷെഫാലി ഷായാണ് സീരീസിലെ പ്രധാന കഥാപാത്രത്തില്‍ എത്തുന്നത്. നിര്‍ഭയ കേസ് അന്വേഷിക്കുന്ന കമ്മീഷണറുടെ വേഷമാണ് ഷെഫാലി അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദ് ഫാസിലിന്റേതായി ഒടുവില്‍ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയന്‍കുഞ്ഞ് ഓഗസ്റ്റ് 11ന് ഒടിടിയില്‍ എത്തും. ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. 30 അടി താഴ്ചയില്‍ അകപ്പെട്ട അനിക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയന്‍കുഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ചിത്രം എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിന് ഉണ്ട്.
ആഗോള സാമ്പത്തികഞെരുക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജൂലായില്‍ കയറ്റുമതി വരുമാനം 0.76 ശതമാനം ഇടിഞ്ഞ് 3,524 കോടി ഡോളറിലെത്തിയതാണ് ആശങ്ക. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളില്‍ ഏഴും കഴിഞ്ഞമാസം തളര്‍ന്നു. എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ (2.5 ശതമാനം), പെട്രോളിയം ഉത്പന്നങ്ങള്‍ (7.1 ശതമാനം), ജെം ആന്‍ഡ് ജുവലറി (5.2 ശതമാനം), ഫാര്‍മസ്യൂട്ടിക്കല്‍സ് (1.4 ശതമാനം), റെഡിമെയ്ഡ് വസ്ത്രങ്ങള്‍ (0.6 ശതമാനം), കോട്ടണ്‍നാര് (28.3 ശതമാനം), പ്ലാസ്റ്റിക് (3.4 ശതമാനം) എന്നിവയാണവ. കെമിക്കല്‍സ് (7.9 ശതമാനം), ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ (46.1 ശതമാനം), അരി (30.2 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളര്‍ച്ചയെ തടയാനായില്ല. കഴിഞ്ഞമാസം ഇറക്കുമതി 4,615 കോടി ഡോളറില്‍ നിന്ന് 6,626 കോടി ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.
പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവരില്‍ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്‌സ്ആപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചര്‍ ചേര്‍ക്കാന്‍ വാട്ട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലോഗിന്‍ അപ്രൂവല്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്. നിലവില്‍ വാട്ട്‌സ്ആപ്പ് ഈ ഫീച്ചര്‍ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാര്‍ട്ട്ഫോണില്‍ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്സാപ്പിനുള്ളില്‍ നിന്ന് അലര്‍ട്ടുകള്‍ ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍-ആപ്പ് അലര്‍ട്ട് നല്‍കുമ്പോള്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
കഴിഞ്ഞമാസം (ജൂലായ്) ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ടോപ്പ് 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ടാറ്റാ മോട്ടോഴ്സിന്റെ പുതുപുത്തന്‍ എസ്.യു.വി പഞ്ച്. 11,007 യൂണിറ്റുകളുടെ വില്പനയുമായി പത്താംസ്ഥാനത്താണ് പഞ്ച്. ടാറ്റയുടെ കോംപാക്റ്റ് എസ്.യു.വിയായ നെക്സോണ്‍ 14,214 യൂണിറ്റ് വില്പനയുമായി നാലാം സ്ഥാനത്തുണ്ട്. ടോപ്പ് 10ല്‍ ആറു മോഡലുകളും മാരുതി സുസുക്കിയുടേതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളും മാരുതിയുടെ താരങ്ങള്‍ സ്വന്തമാക്കി. 22,588 യൂണിറ്റുകളുമായി വാഗണ്‍ ആറാണ് ഒന്നാമത്. 17,960 പുതിയ ഉപഭോക്താക്കളുള്ള സ്വിഫ്റ്റാണ് രണ്ടാമത്. 17,539 യൂണിറ്റുകളുമായി ബലേനോ മൂന്നാംസ്ഥാനം സ്വന്തമാക്കി. 13,747 യൂണിറ്റുകളുമായി മാരുതി ഡിസയര്‍ അഞ്ചാംസ്ഥാനം നേടി. മാരുതി ഈക്കോയ്ക്കാണ് ആറാംസ്ഥാനം; 13,048 യൂണിറ്റുകള്‍.
മാരുതി എസ്-പ്രസോ 11,268 യൂണിറ്റുകളുമായി ഒമ്പതാംസ്ഥാനത്തുണ്ട്. ഏഴും എട്ടും സ്ഥാനങ്ങളില്‍ യഥാക്രമം ഹ്യുണ്ടായിയുടെ ക്രെറ്റയും വെന്യുവുമാണ്. ക്രെറ്റ 12,625 പുതിയ ഉപഭോക്താക്കളെ നേടിയപ്പോള്‍ വെന്യു സ്വന്തമാക്കിയത് 12,000 പേരെ.
തികച്ചും ഉദ്വേഗജനകമായ നോവലാണ് തമ്പി പാവക്കുളത്തിന്റെ ‘താന്ത്രിക് വജ്ര സ്വപ്നച്ചുരുളുകള്‍’. ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ കൃതി പ്രമേയംകൊണ്ടും അവതരണരീതികൊണ്ടും ശ്രദ്ധേയമായിരിക്കുന്നു. ബുദ്ധിസത്തിലെ നിഗൂഢമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഴചേര്‍ത്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ നോവലിന് ആവേശഭരിതമായ ഒരു ത്രില്ലറിന്റെ സ്വഭാവമാണുള്ളത്. ഗ്രീന്‍ ബുക്‌സ്. വില 209 രൂപ.
ഇന്ത്യയിലെ അര്‍ബുദകേസുകളില്‍ പൊതുവായി കാണുന്ന അര്‍ബുദമാണ് കുടലിനെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍. സാധാരണ 50 വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന കോളന്‍ കാന്‍സര്‍ ഇപ്പോള്‍ ജീവിതശൈലി മാറ്റങ്ങളുടെയും മറ്റും ഭാഗമായി യുവാക്കളിലും കണ്ടു വരുന്നുണ്ട്. മലദ്വാരത്തിലൂടെ ഒരു ട്യൂബ് കയറ്റി വിട്ടുള്ള കൊളോണോസ്‌കോപ്പി പരിശോധന വഴിയാണ് കോളന്‍ അര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ ഈ അര്‍ബുദം കണ്ടെത്താന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ബിസിഎ എന്നാണ് ഈ ലക്ഷണങ്ങളെ ചുരുക്കത്തില്‍ പറയുന്നത്. ഇതിലെ ‘ബി’ ബ്ലീഡിങ് അഥവാ രക്തസ്രാവത്തെ കുറിക്കുന്നു. മലദ്വാരത്തിലൂടെ രക്തമൊഴുകുന്നത് ഈ അര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്. ഇതിനാല്‍ എപ്പോഴും മലവിസര്‍ജനം നടത്തിയ ശേഷം രക്തത്തിന്റെ സാന്നിധ്യം മലത്തിലുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വയറ്റില്‍ നിന്ന് പോകുന്നതില്‍ എന്തെങ്കിലും മാറ്റം അഥവാ ചേഞ്ച് വരുന്നുണ്ടോ എന്നതിനെ കുറിക്കുന്നതാണ് ‘സി’. മൂന്ന് നാലാഴ്ചകളോളം മലവിസര്‍ജ്ജനത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തിയാല്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കാം. അബ്‌ഡോമിനല്‍ പെയിന്‍ അഥവാ വയര്‍ വേദനയെ കുറിക്കുന്നതാണ് ‘എ’. ഇതിനൊപ്പം അതികഠിനമായ ക്ഷീണവും വയറില്‍ മുഴ പോലത്തെ തോന്നലും വരും. ഈ ലക്ഷണങ്ങളെല്ലാം മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്. കാരണമില്ലാത്ത ഭാരനഷ്ടത്തിനും കോളന്‍ അര്‍ബുദം വഴിവയ്ക്കും. പ്രത്യേകിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ കൂടാതെ തന്നെ ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതും കോളന്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളിലൊന്നായി എടുക്കണം. ഈ അര്‍ബുദബാധിതരില്‍ മലവിസര്‍ജ്ജനത്തിന് ശേഷവും വയര്‍ പൂര്‍ണമായും ഒഴിഞ്ഞതായ തോന്നല്‍ ഉണ്ടാവുകയില്ല. കുടലിലെ അര്‍ബുദം കണ്ടെത്തുന്നതിനുള്ള രക്തപരിശോധന വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചില്‍ നടക്കുന്നുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ ഈ രക്തപരിശോധനയിലൂടെ നേരത്തെ അര്‍ബുദ രോഗനിര്‍ണയം നടത്താന്‍ സാധിച്ചേക്കും.