ആഡംബരത്തിന്റെ അവസാന വാക്കായി ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് വിപണിയിലെത്തിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഡിഫന്‍ഡര്‍ 130 വി8-നും ഡിഫന്‍ഡര്‍ 110നും ഒപ്പമാണ് ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ടും ഈ നിരയിലേക്ക് എത്തുന്നത്. ഇതോടെ ഡിഫന്‍ഡര്‍ ശ്രേണിയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകളും ലഭ്യമാക്കുകയാണ് കമ്പനി. ആഡംബരപൂര്‍ണമായ ഇന്റീരിയര്‍ സ്പെയ്സും ഓള്-ടെറൈന്‍ ശേഷിയുമുള്ളതാണ്. അഞ്ച് സീറ്റുകളുമായെത്തുന്ന വാഹനം സാഹസിക യാത്രകള്‍ക്ക് വലിയ സാധ്യതകള്‍ നല്‍കുകയാണ്. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, കാര്‍പാത്തിയന്‍ ഗ്രേ, ഈഗര്‍ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഉന്നത നിലവാരമുള്ള സ്ക്രാച്ച് റസിസ്റ്റന്റ് മോഡല്‍ ആവശ്യമുള്ളവര്‍ക്ക് സാറ്റിന് പ്രൊട്ടക്ടീവ് ഫിലിമും ലഭ്യമാണ്. ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് പി 400 പെട്രോള്‍, ഡി 300 ഡീസല്‍ ഇന്‍ജനീയം എഞ്ചിന് ഒപ്ഷനുകളില്‍ ലഭ്യമാണ്.