ധ്യാനത്തെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി ഇന്ന് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ലോക ധ്യാന ദിനമായി ആചരിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ദിനാചരണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരം ആസ്വദിക്കാനുള്ള എല്ലാവരുടെയും അവകാശം അനുസ്മരിച്ചു കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന പരിപാടികള്‍ക്ക് ഇന്ത്യയാണ് നേതൃത്വം നല്‍കുന്നത്. ‘ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ധ്യാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായിരുന്ന ധ്യാനം അതിരുകള്‍ കടന്ന് ഇന്ന് ലോകമെമ്പാടും പിന്തുടരുന്നുണ്ട്. ആത്മീയതയ്ക്കപ്പുറം വൃക്തിപരമായ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമുള്ള ഫലപ്രദമായ ഉപകരമായി ധ്യാനം മാറിയിരിക്കുന്നു. മാനസിക വ്യക്തത, വൈകാരിക ശാന്തത, ശാരീരിക വിശ്രമം എന്നിവ കൈവരിക്കുന്നതിന് മനസിനെ ഏകാഗ്രമാക്കുന്ന പരിശീലനമാണ് ധ്യാനം. സമ്മര്‍ദം കുറയ്ക്കാനും ശ്രദ്ധയും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനും ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ധ്യാനത്തിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നതോടെ മെഡിറ്റേഷനുള്ള സാധ്യതയും വ്യാപിച്ചു. മെഡിറ്റേഷനായി ക്രമീകരിച്ച ആപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഇപ്പോള്‍ നിലവിലുണ്ട്. ധ്യാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ നോക്കാം. ധ്യാനം മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും സമ്മര്‍ദം ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിക്കാനും പതിവായി ധ്യാനം പരിശീലിക്കുന്നത് സഹായിക്കും. വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ധ്യാനം സഹായിക്കും. ഏകാഗ്രത, മാനസിക സന്തോഷം എന്നിവ വര്‍ധിപ്പിക്കാന്‍ ധ്യാനത്തിന് കഴിയും. ധ്യാനം ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ദിനചര്യയില്‍ ധ്യാനം ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ സുഖമായി ഉറങ്ങാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.