കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാ ബായിയുടെ നിരാഹാര സമരം 13 ദിവസം പിന്നിട്ടെങ്കിലും കണ്ണ് തുറക്കാതെ സംസ്ഥാന സര്‍ക്കാര്‍. പൊലീസുണ്ടാക്കുന്ന അവശതയേ തനിക്കുള്ളൂവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സമരം ഏറ്റെടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കളര്‍ കോഡില്‍ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു വോട്ടഭ്യര്‍ത്ഥിക്കാന്‍ മധ്യപ്രദേശില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെത്തി. പ്രചാരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗും കമല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ തരൂരിനെ സ്വീകരിച്ചു. പ്രചാരണത്തിനിടെ ഇത് ആദ്യ അനുഭവമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു.
കോവിഡ് കൊള്ളയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരേ ലോകായുക്ത അന്വേഷണം. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതടക്കമുള്ള വിഷയങ്ങളിലാണ് അന്വേഷണം. ലോകായുക്ത നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായിരുന്ന എസ്.ആര്‍. ദിലീപ്കുമാര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരേയാണ് അന്വേഷണം. ശൈലജ അടക്കമുള്ള എതിര്‍കക്ഷികള്‍ ഡിസംബര്‍ എട്ടിനു ഹാജരാകണമെന്നു ലോകായുക്ത നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനു വോട്ടെണ്ണും. ഈ മാസം 17 ന് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 25 ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചലില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തില്‍ ഡിസംബറില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും.
ഇലന്തൂരിലെ ഇരട്ടബലി നടന്ന വീട്ടുപറമ്പില്‍ പോലീസ് നായ്ക്കളും ജെസിബിയുമായി ഇന്ന് വിശദമായ പരിശോധന. കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോയെന്നു കുഴികളെടുത്തു പരിശോധിക്കും. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളെ എത്തിക്കുമെന്നു പൊലീസ്.
ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതിയായ ഷാഫിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പണയംവച്ചതിന്റെ രേഖകള്‍ കണ്ടെടുത്തു. ഷാഫിയുടെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബൈക്ക് വിറ്റു കിട്ടിയതെന്നു പറഞ്ഞ് 40,000 രൂപ ഷാഫി തന്നിരുന്നെന്ന് ഭാര്യ മൊഴി നല്‍കി. ഈ പണം കൊണ്ട് പണയം വച്ച സ്വര്‍ണം എടുത്തു. വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഇയാളുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.
കേരളത്തില്‍ മഴയ്ക്കു സാധ്യത. ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് മഴക്കു കാരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ ‘ഓപ്പറേഷന്‍ തല്ലുമാല’ എന്ന പേരില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നായി 5.39 ലക്ഷം രൂപ പിഴ ഈടാക്കി. 205 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തു.
മൂന്നാര്‍ ഇക്കാനഗറിലെ സിപിഎം പാര്‍ട്ടി ഓഫീസ് അടക്കമുളള 26.55 ഏക്കര്‍ ഭൂമി പുറമ്പോക്കാണെന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഹൈക്കോടതിയില്‍. പുറമ്പോക്ക് കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയം അനുവദിച്ചെന്നും ഇത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ 20 നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കി.
മതിയായ പരിശോധനയില്ലാതെ പാര്‍ട്ടി അംഗത്വം നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.