നമ്പറില്‍ നക്ഷത്ര ചിഹ്നമുള്ള (*) കറന്‍സി നോട്ടുകള്‍ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ അസാധുവല്ലെന്നും, അച്ചടി വേളയില്‍ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ കള്ളനോട്ടുകളാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.ബി.ഐയുടെ വിശദീകരണം. ‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്യുമ്പോള്‍ കേടാകുന്ന നോട്ടുകള്‍ക്ക് പകരമാണ് ഇവ പുറത്തിറക്കുന്നത്. മറ്റേതു ബാങ്ക് നോട്ടും പോലെ ഇതും നിയമപരമായി സാധുവാണ്. സ്റ്റാര്‍ സീരീസ് നോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍.ബി.ഐ വെബ്സൈറ്റില്‍ ലഭ്യമാണ്’ – ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആര്‍.ബി.ഐ അറിയിച്ചു. പ്രിഫിക്സിനും നമ്പറിനുമിടയില്‍ നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ 2006 മുതല്‍ പ്രാബല്യത്തിലുണ്ട്. 10, 20, 50, 100, 500 നോട്ടുകള്‍ ഇത്തരത്തില്‍ ആര്‍.ബി.ഐ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. കേടായവക്ക് പകരം മാറ്റി അടിച്ച നോട്ടുകളാണ് ഇവയെന്ന് തിരിച്ചറിയാനായാണ് നക്ഷത്ര ചിഹ്നം ചേര്‍ക്കുന്നത്.