ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില അസാധാരണമായ രീതിയില്‍ താഴുന്നു. കഴിഞ്ഞയാഴ്ച്ച 70 ഡോളറിന് മുകളിലെത്തിയ വില നിലവില്‍ 60കളുടെ മധ്യത്തിലാണ്. ഡബ്ല്യുടിഐ ക്രൂഡ് 60 ഡോളറും ബ്രെന്റ് ക്രൂഡ് 64 ഡോളറിലുമാണ്. പ്രധാന രാജ്യങ്ങളുടെ വ്യവസായിക വളര്‍ച്ച കുറഞ്ഞ നിലയില്‍ തുടരുന്നതും മാര്‍ക്കറ്റിലേക്ക് അധികമായി എണ്ണ വരുന്നതുമാണ് വിലയിലും പ്രതിഫലിക്കുന്നത്. നാലു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ക്രൂഡ് ഓയില്‍ വില നിലവില്‍. ബ്രെന്റ് ക്രൂഡ് ജൂണ്‍ രണ്ടിലെ നിരക്കിനേക്കാള്‍ താഴെയാണ്. ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നത് വിപണിയുടെ ഇടിവിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. നവംബര്‍ മുതല്‍ പ്രതിദിന ഉത്പാദനത്തില്‍ അഞ്ച് ലക്ഷം ബാരല്‍ വരെ വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഒക്ടോബറിലേക്കാള്‍ മൂന്നിരട്ടി വര്‍ധനയാകുമിത്. ഒപെക് പ്ലസ് ഇതര രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്നുണ്ട്. ഇത് ഗള്‍ഫ് രാജ്യങ്ങളുടെ മേല്‍ക്കൈ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.
