ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് അല്ലെങ്കിൽ ലോകകപ്പ് ക്രിക്കറ്റ് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിന്റെ പ്രധാന ചാമ്പ്യൻഷിപ്പ് ആണ്….!!!!!
നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ് സംഘടിപ്പിക്കുന്നത്. പ്രാഥമിക റൌണ്ട് മത്സരങ്ങൾ തൊട്ട് ഫൈനൽ വരെ നീളുന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമം. ഈ ടൂർണമെന്റ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നാണ്.ഐ സി സിയുടെ അഭിപ്രായപ്രകാരം ക്രിക്കറ്റ് ലോകക്കപ്പ് ആണ് ഏറ്റവും പ്രധാനപ്പെട്ട കായികമത്സരം.
കായിക മത്സരങ്ങളുടെ ഔന്നത്യത്തിനു ഉദാഹരണവുമാണ് ക്രിക്കറ്റ് ലോകക്കപ്പ്. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് 1975-ൽ ഇംഗ്ലണ്ടിലാണ് നടന്നത്. വനിതകൾക്കുള്ള ഒരു ലോകകപ്പ് ക്രിക്കറ്റും 1973 മുതൽ നാല് വർഷത്തെ ഇടവേളയിൽ നടന്നു വരുന്നു.ഓസ്ട്രേലിയ ഈ കപ്പ് അഞ്ച് പ്രാവിശ്യം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും രണ്ടു പ്രാവശ്യവും. പാകിസ്താൻ ശ്രീലങ്ക ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഓരോ പ്രാവശ്യവും ഈ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
2003 -ൽ ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ച് കപ്പ് നേടി.16 ടീമുകൾ പങ്കെടുക്കുന്ന 2007-ലെ ലോകപ്പ് ക്രിക്കറ്റ് മാർച്ച് 13-മുതൽ വെസ്റ്റ്‌ഇൻഡീസിൽനടന്നു ഇതിൽ ഓസ്ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചു കപ്പ് നേടി. 2011 ലോകകപ്പിൽ ശ്രീലങ്ക വീണ്ടും അവസാന വട്ടത്തിൽ എത്തിയെങ്കിലും ഇന്ത്യ അവരെ തോൽപ്പിച്ചു ജേതാക്കളായി.
ആദ്യത്തെ ക്രിക്കറ്റ് ടെസ്റ്റ് മൽസരം 1877-ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് നടന്നത്. തുടർന്നു വന്ന വർഷങ്ങളിൽ ഇരു ടീമുകളും ആഷസ് പരമ്പരയിൽ സ്ഥിരമായി മത്സരിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് പദവി കിട്ടിയത് 1889-ൽ ആണ്.തെരഞ്ഞെടുക്കപ്പെട്ട ടീമുകൾ പരസ്പരം സന്ദർശിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു.
1900-ലെ പാരിസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു മത്സര ഇനമായി ഉൾപ്പെടുത്തുകയും ഗ്രേറ്റ് ബ്രിട്ടൻ ഫ്രാൻസിനെ തോൽപ്പിച്ച് സ്വർണ്ണം കരസ്ഥമാക്കുകയുമുണ്ടായി.രണ്ടിലധികം ടീമുകൾ പങ്കെടുത്ത ഒരു അന്താരാഷ്ട്രമത്സരം ആദ്യമായി നടന്നത്, 1912 ഇംഗ്ലണ്ടിലാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രിരാഷ്ട്ര ടെസ്റ്റ് മത്സരമായിരുന്നു അത്.
ആദ്യമായി ഇംഗ്ലണ്ടിന് പുറത്ത് നടന്ന ലോകകപ്പ് 1987-ൽ ഇന്ത്യയിലും പാകിസ്താനിലുമായാണ് നടത്തപ്പെട്ടത്. കളിയുടെ ദൈർഘ്യം 60 ഓവറിൽ നിന്ന് ഇന്ന് കാണുന്ന രീതിയിൽ 50 ഓവറായി ചുരുക്കപ്പെട്ടു. അതിന് കാരണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇംഗ്ലണ്ടിലെ വേനൽകാലത്തെ അപേക്ഷിച്ച് പകലിന് ദൈർഘ്യം കുറവായിരുന്നു എന്നതാണ്.
ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടത്തപ്പെട്ട 1992-ലെ ലോകകപ്പിൽ നിറമുള്ള വസ്ത്രങ്ങളും, വെള്ള പന്തും, ഫീൽഡിങ് രീതിയിലെ പുതിയ രീതികളും, പകലും രാത്രിയുമായി അഥവാ ഡേ ആന്റ് നൈറ്റ് രീതിയിൽ നടത്തപ്പെടുന്ന കളികളും ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ നിലവിൽ വന്നു. വർണ്ണവിവേചനവും അതിനെ തുടർന്നുണ്ടായിരുന്ന വിലക്കും ഒഴിവാക്കപ്പെട്ടതിനാൽ ദക്ഷിണാഫ്രിക്ക ആദ്യമായി പങ്കെടുത്ത ലോകകപ്പും ഇതാണ്.മോശം തുടക്കത്തെ മറികടന്ന് പാകിസ്താൻ ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റൺസിന് തോൽപ്പിച്ച് ജേതാക്കളായി.
1996ലേത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന രണ്ടാമത്തെ ലോകകപ്പായി. ചില ഗ്രൂപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച് ശ്രീലങ്കയും ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം ചേർന്നു.ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1999 ലോകകപ്പിൽ അയർലണ്ട്, നെതർലാന്റ്സ്, സ്കോട്ട്ലാന്റ്, വേൽസ് എന്നീ രാജ്യങ്ങളും മത്സരവേദികളായി.
ഐ.സി.സി യുടെ ക്രിക്കറ്റ് ലോകകപ്പ് ഫലകമാണ് ലോകകപ്പ് വിജയികൾക്ക് നൽകപ്പെടുന്നത്. ഇപ്പോഴുള്ള ട്രോഫി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിലെ ലോകകപ്പിനായി ഉണ്ടാക്കപ്പെട്ടതാണ്. ഈ ട്രോഫിയാണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്ഥിരം ട്രോഫി. ഇതിനുമുൻപായി ഓരോ തവണയും പുതിയ ട്രോഫി ഉണ്ടാക്കുകയായിരുന്നു പതിവ്.ഈ ട്രോഫി ഗരാർഡ് & കൊ എന്ന കമ്പനിയിലെ ശിൽപ്പികൾ രൂപകൽപ്പന ചെയ്ത് രണ്ട് മാസം കൊണ്ട് രൂപകൽപ്പന ചെയ്ത് ലണ്ടനിൽ പ്രദർശിപ്പിക്കുകയായിരുന്നു.
ഇപ്പോഴുള്ള ട്രോഫി വെള്ളി കൊണ്ടും ഗോൾഡ് കൊണ്ടും ആണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ട്രോഫിയുടെ രൂപകൽപ്പന, ഒരു സ്വർണ്ണ ഭൂഗോളം മൂന്ന് വെള്ളി സ്തംഭങ്ങളിൽ നിൽക്കുന്ന തരത്തിലാണ്.സ്റ്റമ്പും അതിനുമുകളിലുള്ള ബെയിലുകളും എന്ന തരത്തിലുള്ള സ്തംഭങ്ങൾ, ക്രിക്കറ്റിന്റെ മൂന്ന് അടിസ്ഥാനപരമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു: ബാറ്റിങ്ങ്, ബൌളിങ്ങ്, പിന്നെ ഫീൾഡിങ്ങ്. ട്രോഫിയിലെ ഭൂലോകം ക്രിക്കറ്റ് പന്തിനെ സൂചിപ്പിക്കുന്നു.
ഈ ട്രോഫി രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്ലാറ്റോണിക്ക് ദിശകൾ കണക്കിലെടുത്തുകൊണ്ടാണ്, അതുകൊണ്ട് തന്നെ ഏത് വശത്ത് നിന്ന് നോക്കിയാലും ടോഫി ഒരേ പോലെ കാണാൻ കഴിയും. ട്രോഫിക്ക് 60 സെന്റിമീറ്റർ പൊക്കവും 11 കിലോ തൂക്കവും ഉണ്ട്. മുൻവർഷങ്ങളിലെ വിജയികളുടെ നാമം ഈ ട്രോഫിയുടെ കീഴെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെ ഇരുപത് നാമങ്ങൾ വരെ എഴുതാനുള്ള സ്ഥലം ഉണ്ട്.
ഐ.സി.സി. യിലാണ് യഥാർത്ഥ ട്രോഫി വച്ചിരിക്കുന്നത്. ഇതിന്റെ ഒരു പകർപ്പാണ് എല്ലാ തവണയും വിജയികൾക്ക് നൽകപ്പെടുന്നത്. ഈ പകർപ്പും യഥാർത്ഥ ട്രോഫിയും തമ്മിൽ അതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിജയികളുടെ നാമത്തിൽ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ.അപേക്ഷ നൽകിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് അന്തർദേശീയ ക്രിക്കറ്റ് കൌൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി വോട്ട് ചെയ്താണ് ഓരോതവണയും ലോകകപ്പ് എവിടെ നടത്തണമെന്ന് തീരുമാനിക്കാറ്.ലോകകപ്പുകൾ പല രാജ്യങ്ങളുടെ സംയുക്ത സംരംഭങ്ങളായിട്ട് പലപ്പോഴും നടത്തപ്പെട്ടിട്ടുണ്ട്. 1987-ലും 1996-ലും ഏഷ്യൻ രാജ്യങ്ങൾ ആണ് ലോകകപ്പിന് ആധിത്യമരുളിയത്.