ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ മുന്‍മാസത്തേക്കാള്‍ 25.35 ശതമാനം വര്‍ദ്ധിച്ച് 1.78 ലക്ഷം കോടി രൂപയിലെത്തി. സെപ്തംബറില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു. സൈ്വപിംഗ് മെഷീന്‍ ഉപയോഗിക്കുന്ന പോയിന്റ് ഒഫ് കോണ്ടാക്ട് ഇടപാടുകള്‍ കഴിഞ്ഞ മാസം 57,774.35 കോടി രൂപയായി ഉയര്‍ന്നു. ഇ കൊമേഴ്‌സ് ഇടപാടുകള്‍ 120,794.40 കോടി രൂപയിലെത്തി. രാജ്യത്തെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം ഒക്ടോബറില്‍ 16.9 ലക്ഷം വര്‍ദ്ധിച്ച് 9.47 കോടിയിലെത്തി. ബാങ്കുകളുടെ കൈവശമുള്ള പണത്തിലുണ്ടായ വര്‍ദ്ധനയും ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി മെച്ചപ്പെട്ടതും ക്രെഡിറ്റ് കാര്‍ഡ് വിപണിക്ക് നേട്ടമാകുകയാണ്. ഒക്ടോബറില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്. ഡി. എഫ്. സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം 6,511 കോടി രൂപ വര്‍ദ്ധിച്ച് 45,173.23 കോടി രൂപയിലെത്തി. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ 25 ശതമാനത്തിനടുത്ത് വിഹിതമാണ് എച്ച്.ഡി.എഫ്.സി ബാങ്കിനുള്ളത്. ഐ.സി.ഐ.സി.ഐ ബാങ്കുകളുടെ ഇടപാടുകള്‍ 34,158 കോടി രൂപയായും ആക്‌സിസ് ബാങ്കിന്റെ ഇടപാടുകള്‍ 21,728.93 കോടി രൂപയായും ഉയര്‍ന്നു. എസ്. ബി. ഐ കാര്‍ഡില്‍ ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം 35,406.01 കോടി രൂപയാണ് ചെലവഴിച്ചത്.