പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി. തമ്മിലടിച്ചെന്ന് ആരോപിക്കപ്പെട്ട പത്മകുമാറിനേയും ഹർഷകുമാറിനേയും ഒന്നിച്ചിരുത്തിയായിരുന്നു സിപിഎമ്മിന്‍റെ വാർത്താസമ്മേളനം. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കില്ലെന്നും മുന്‍ എംഎല്‍എ എ പത്മകുമാര്‍ പ്രതികരിച്ചു. യോഗത്തിൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവനും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രചരണ യോഗം എവിടെ നടത്തണമെന്ന കാര്യത്തിൽ കമ്മിറ്റിയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. വേണമെങ്കിൽ ബഹളമെന്ന് തോന്നാവുന്ന തർക്കം മാത്രമായിരുന്നു അതെന്നും അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രിയും വ്യക്തമാക്കി.