ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിയത് മൂലം യുവതിക്ക് ജോലി നഷ്ടപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. സാഡിസ്റ്റിക് പ്ലഷർ അനുഭവിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. അങ്ങനെ ചെയ്താൽ വരും തലമറുക്ക് അനുഗ്രഹമാകുമെന്നും പ്രകാശ്ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു. ജനയുഗം ഓൺലൈനിൽ എഴുതിയ ലേഖനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ നേതാവ് രംഗത്തെത്തിയത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം അർധരാത്രി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്തില്ല. സമയം അവസാനിക്കുന്നത് വരെ ഫയലിൽ ഉദ്യോഗസ്ഥൻ അടയിരുന്നതെന്തിനാണെന്നും കൊല്ലം സ്വദേശിയായ നിഷ ബാലകൃഷ്ണന് ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രകാശ് ബാബു ചോദിക്കുന്നു. ഇരയെ വേട്ടയാടി അൽപാൽപ്പമായി കൊന്ന് തിന്നുന്ന ക്രുരമായ വിനോദമാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട് .
കാഴ്ച പരിമിതനായ എറണാകുളം ഉദയംപേരൂർ സ്വദേശി സൈജു.പി.എസിനും ഒന്നര മിനിറ്റ് വൈകി റിപ്പോർട്ട് ചെയ്തതിനാലാൽ ജോലി നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ആ ഒന്നര മിനിറ്റിൽ നഷ്ടപ്പെട്ട ജോലി തിരിച്ച് കിട്ടാനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് സൈജുവും.