നിരന്തരമായ പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനം. കര്‍ണാടകയിലെ ശ്രീനിവാസ്പുരമെന്ന ഗ്രാമീണ മേഖലയെ ക്രേന്ദീകരിച്ചാണ് പഠനം നടത്തിയത്. യുഎസിലെ ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടെ പഠനത്തിന്റെ ഭാഗമായിരുന്നു. കൃത്യമായ വായുസഞ്ചാരമില്ലാത്ത ഇടത്തില്‍ പാചകം ചെയ്യാനായി ഖര ഇന്ധനം ഉപയോഗിക്കുന്നത് ഓക്സൈഡുകള്‍, കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍, ഹെവി മെറ്റല്‍സ് തുടങ്ങിയ മാലിന്യങ്ങള്‍ വായുവിലേക്ക് പുറന്തള്ളാനും ഇത് ശ്വസിക്കുന്നത് തലച്ചോറിലെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. അതില്‍ പ്രധാനം ഓക്സിഡേറ്റീവ് സ്ട്രെസ് ആണെന്നും ഗവേഷകര്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് അടുക്കളയില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതു കൊണ്ട് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇത് സ്ത്രീകളില്‍ വൈജ്ഞാനിക വൈകല്യം, ഓര്‍മ, യുക്തി, സംസാരം എന്നിവയെ ബാധിക്കും. ഇങ്ങനെയുള്ളവരില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗങ്ങള്‍ക്ക് സാധ്യതയും ഏറെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കാം. 45 വയസിന് മുകളിലുള്ള 4,100 പേരുടെ തലച്ചോറിന്റെ എംആര്‍ഐ സ്‌കാനുകള്‍ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.