ആര്യങ്കാവിൽ പിടികൂടിയ പാലിന്റെ പേരിൽ ക്ഷീര വികസന വകുപ്പിന് വീണ്ടും തിരിച്ചടി. പാൽ വിതരണ കമ്പനിയുടെ ടെസ്റ്റിങ്ങിൽ പാൽ ചീത്തയായിരുന്നു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദമാണ് ഇവിടെ പൊളിയുന്നത്.
കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചപ്പോൾ പാൽ മുഴുവനും ചീത്തയായിരുന്നു എന്നാണ് കമ്പനി പറയുന്നത്.
ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസമാണ് കോടതി നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് നശിപ്പിച്ചത്. മുട്ടത്തറ സീവേജ് പ്ലാന്റിൽ പിടികൂടി പത്ത് ദിവസം കഴിഞ്ഞ് നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്. ഇത് തള്ളിക്കൊണ്ടാണ് പാൽ കൊണ്ടുവന്ന അഗ്രി സോഫ്റ്റ് ഡയറി പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
പാൽ ചൂടാക്കുമ്പോൾ കട്ട പിടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന സിഒബി ടെസ്റ്റ് നടത്തിയാണ് കമ്പനി ക്ഷീരവികസന വകുപ്പിന്റെ വാദത്തെ തള്ളുന്നത്. നശിപ്പിക്കുന്ന ഘട്ടത്തിലെടുത്ത സാംപിൾ ശേഖരിച്ചാണ് കമ്പനി പരിശോധന നടത്തിയത്. ക്ഷീരവികസനവകുപ്പിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് പാൽ കേടുവന്നിരുന്നില്ലെന്ന് പറയുന്നതെന്നാണ് കമ്പനിയുടെ വാദം. ക്ഷീരവികസനവകുപ്പിന്റെ വാദങ്ങളെ പൂർണമായും കമ്പനി നിഷേധിക്കുമ്പോൾ, പ്രാഥമിക പരിശോധന ഫലമല്ലാതെ മറിച്ച് വാദിക്കാൻ ക്ഷീര വികസന വകുപ്പിന്റെ കയ്യിൽ ഒന്നുമില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യങ്കാവിൽ പാൽ പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ക്ഷീരവികസന വകുപ്പിന്റെ ആദ്യ നിലപാട്.എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പാലിൽ മായം കണ്ടെത്താനാകാത്തതോടെയാണ് വിവാദമായത്.