തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്.പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ ഒന്നാം റാങ്ക് ലഭിച്ച പെൺകുട്ടി കോളേജിലെ അധ്യാപികയ്ക്കയച്ച വാട്സ്ആപ് ചാറ്റിൽ നിന്നാണ് തനിക്ക് ജോലിയിൽ ചേരാതിരിക്കാൻ വേണ്ടി സമ്മർദ്ദമുണ്ടായി എന്ന് പുറത്തറിയുന്നത്.മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവി ഇടപെട്ടെന്നുമാണ് ഉയരുന്ന പരാതി. ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ട് .
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നിയമനപാനലിൽ ഒന്നാം റാങ്ക് ലഭിച്ചത് ഒരു പെൺകുട്ടിക്കും രണ്ടാം റാങ്ക് രണ്ടു വർഷമായി കോളേജിൽ ഗസ്റ്റ് അധ്യാപകനായി പഠിപ്പിക്കുന്ന മുൻ എസ് എഫ് ഐ നേതാവിനും ആണ് . ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത് പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസിലെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, സബ്ജക്ട് എക്സ്പർട് ആയ അധ്യാപിക ജുവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അധ്യാപകൻ എന്നിങ്ങനെ നാല് പേരായിരുന്നു.
അഭിമുഖത്തിൽ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയിൽ പെർഫോം ചെയ്തത്. എന്നാൽ ഒന്നാം റാങ്ക് ഗസ്റ്റ് അധ്യാപകന് ലഭിക്കാതെ വന്നപ്പോൾ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ഒപ്പിടാൻ തയ്യാറായില്ലെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പിന്നീടാണ് പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത് .