കേരളത്തിലെ പ്രമുഖ പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡായ ‘ഡബിള്‍ ഹോഴ്സിനെ സ്വന്തമാക്കാനായി വന്‍കിട കോര്‍പ്പറേറ്റുകള്‍ തമ്മില്‍ കടുത്ത മത്സരം. പ്രമുഖ എഫ്എംസിജി കമ്പനിയായ വിപ്രോ കണ്‍സ്യൂമര്‍ കെയറും വ്യവസായ ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പുമാണ് ഡബിള്‍ ഹോഴ്സിന്റെ മാതൃസ്ഥാപനമായ മഞ്ജിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള മത്സരത്തിലുള്ളത്. ഏകദേശം 500 കോടി രൂപ മൂല്യംവരുന്നതാണ് ഈ ഇടപാടെന്നാണ് സൂചന. ഇടപാട് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി മഞ്ജിലാസ് ഫുഡ് ടെക് പ്രമുഖ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല. ദക്ഷിണേന്ത്യയിലെ സ്പൈസസ്, പാക്കേജ്ഡ് ഫുഡ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 1959ല്‍ സ്ഥാപിതമായ മഞ്ജിലാസ് ഫുഡ് ടെക്കിന് കീഴില്‍ ബ്രേക്ക്ഫാസ്റ്റ് മിക്സുകള്‍, അരിപ്പൊടികള്‍, മസാലപ്പൊടികള്‍, അച്ചാറുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് ഉല്‍പന്നങ്ങള്‍ എന്നിവയുണ്ട്.
