ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും പ്രാരംഭ ഓഹരി വില്‍പ്പനകളുടെ പെരുമഴക്കാലം എത്തുകയാണ്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 30,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ഡസണിലധികം കമ്പനികളാണ് സെബിയുടെ അനുമതി നേടി തയ്യാറായിരിക്കുന്നത്. ഇതിനൊപ്പം 25,000 കോടി രൂപയുടെ വമ്പന്‍ ഐ.പി.ഒയുമായി കൊറിയന്‍ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും 7,250 കോടി ലക്ഷ്യമിട്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓലയും കൂടി എത്താനൊരുങ്ങുകയാണ്. കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് ഫിനാന്‍സ്, അഫ്കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അലൈഡ് ബ്ലെന്‍ഡേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സ്, സ്റ്റാന്‍ലി ലൈഫ് സ്‌റ്റൈല്‍സ്, വാറീ എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ്, ശിവ ഫാര്‍ചെം, ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ്, വണ്‍ മൊബിക്വിക് സിസ്റ്റംസ്, ഡി.ജെ ഡാര്‍ക്ള്‍ ലോജിസ്റ്റിക്സ് തുടങ്ങിയ കമ്പനികള്‍ അടുത്ത മാസങ്ങളില്‍ ഐ.പി.ഒയുമായി വിപണിയിലെത്തും. ഇരുചക്ര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓലയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 18 കമ്പനികള്‍ക്കാണ് സെബിയില്‍ നിന്ന് ഇതിനകം അനുമതി ലഭിച്ചത്. ഇവയെല്ലാം ചേര്‍ന്ന് 30,000 കോടി രൂപ സമാഹരിക്കും. ഇതു കൂടാതെ 37 കമ്പനികള്‍ ഐ.പി.ഒയ്ക്കായി സെബിയെ സമീപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഇക്സിഗോയുടെ ഐ.പി.ഒയാണ് വിപണിയില്‍ അവസാനം എത്തിയത്. ഇന്ത്യന്‍ വിപണി കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്. 2022 മേയില്‍ നടന്ന എല്‍ഐസിയുടെ 21,008 കോടി രൂപയുടെ ഐ.പി.ഒ ആയിരുന്നു ഇതുവരെയുള്ളതില്‍ ഏറ്റവും വലുത്. ഐ.പി.ഒ വഴി മുന്നൂറ് കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) ആണ് ഹ്യുണ്ടായ് സമാഹരിക്കുക.