ലോകപ്രശസ്ത റോക്ക് ബാന്‍ഡായ കോള്‍ഡ് പ്ലേ പുതിയ ഗാനങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നു. ബാന്‍ഡിലെ ഗായകനും പിയാനിസ്റ്റുമായ ക്രിസ് മാര്‍ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ രണ്ട് ആല്‍ബങ്ങള്‍ കൂടിയെ കോള്‍ഡ് പ്ലേയുടേതായി പുറത്തിറക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒമ്പത് ആല്‍ബങ്ങളാണ് കോള്‍ഡ് പ്ലേ പുറത്തിറക്കിയത്. ‘പാരച്യൂട്ട്സ്’, ‘എ റഷ് ഓഫ് ബ്ലഡ് ടു ദി ഹെഡ്’, ‘എക്സ് &മാു; വൈ’, ‘വിവ ലാ വിഡ ഓര് ഡെത്ത് ആന്‍ഡ് ഓള് ഹിസ് ഫ്രണ്ട്സ്’, ‘മൈലോ സൈലോട്ടോ’, ‘ഗോസ്റ്റ് സ്റ്റോറീസ്’, ‘എ ഹെഡ് ഫുള്‍ ഓഫ് ഡ്രീംസ്’, ‘എവരിഡേ ലൈഫ്’, ‘മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ്’ എന്നിവയാണ് ആല്‍ബങ്ങള്‍. ബാന്‍ഡിന്റെ പുതിയ ആല്‍ബം ‘മൂണ്‍ മ്യൂസിക്’ ഒക്ടോബര്‍ നാലിന് പുറത്തിറങ്ങും. കരിയറിന്റെ ഈ ഘട്ടത്തില്‍ ബാന്‍ഡ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ക്രിസ് വ്യക്തമാക്കി. 1996 ലാണ് ക്രിസ് മാര്‍ട്ടിനും ജോണി ബക്ലന്‍ഡും ചേര്‍ന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാന്‍ഡ് ആയ കോള്‍ഡ് പ്ലേയ്ക്ക് രൂപം നല്‍കുന്നത്. പെക്റ്റൊറല്‍സ് എന്നായിരുന്നു കോള്‍ഡ് പ്ലേയുടെ ആദ്യത്തെ പേര്. കോള്‍ഡ് പ്ലേയുടെ ‘യെല്ലോ’ എന്ന സിംഗിള്‍ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് നേടിയാണ് ‘യെല്ലോ’യും കോള്‍ഡ് പ്ലേയും യാത്ര തുടങ്ങിയത്.