ഇന്ത്യന്‍ നിരത്തില്‍ ഒടുവിലെത്തിയ സിട്രോണിന്റെ ബസാള്‍ട്ടിന് ഇടി പരീക്ഷയിലും നക്ഷത്ര തിളക്കം. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം എന്ന പേരില്‍ പുറത്തിറങ്ങിയ ഈ കൂപ്പെ എസ് യു വി ഉയര്‍ന്ന സുരക്ഷയും ഉറപ്പാക്കുന്ന ഒന്നാണെന്ന് തെളിയിച്ചിരിക്കുന്നു. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാറാണ് ബസാള്‍ട്ടിന് ലഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 4 സ്റ്റാര്‍ സുരക്ഷ വാഹനം ഉറപ്പാക്കുന്നുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 26.19 പോയിന്റും കുട്ടികളുടേതില്‍ 49 ല്‍ 35.90 പോയിന്റും നേടിയാണ് ബസാള്‍ട്ട് ഇടി പരീക്ഷയില്‍ 4 സ്റ്റാര്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സിട്രോണിന്റെ ബസാള്‍ട്ട് ഇന്ത്യയിലെത്തിയത്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകള്‍. 82 എച്ച്പി 115 എന്‍എം നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190 എന്‍ എമ്മിലേക്ക് ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.