ചെറു എസ്‌യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി സിട്രോണ്‍ എത്തുന്നു. പത്തു മുതല്‍ 12 ലക്ഷം രൂപ വരെ വിലയില്‍ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 30.2 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയില്‍ വിപണിയിലെത്തും. ഇന്ത്യയില്‍ നിര്‍മിച്ച് സി 3 ഇലക്ട്രിക് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോണ്‍ പദ്ധതി. നിലവില്‍ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുകയെന്നും ഇന്ത്യന്‍ കമ്പനികളുടെ ബാറ്ററിയിലേക്ക് സമീപഭാവിയില്‍ മാറാന്‍ പദ്ധതിയുണ്ടെന്നുമാണ് സിട്രോണ്‍ അറിയിക്കുന്നത്. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. 30.2 കിലോവാട്ട് അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയും 3.3 കിലോവാട്ട് ചാര്‍ജറും സി3 ഇലക്ട്രിക്കിന് ലഭിക്കും. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനായി വര്‍ഷം 25000 യൂണിറ്റുകള്‍ നിര്‍മിക്കും. ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം എന്ന പ്രത്യേകതയോടെയാണ് സിട്രോണ്‍ സി3 എത്തിയത്. 1.2 ലിറ്റര്‍ പ്യുര്‍ടെക്110, 1.2 ലിറ്റര്‍ പ്യുര്‍ടെക്82 എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.