ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്ന വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. 14ന് ആരംഭിക്കുന്ന ബഹുജന മാർച്ചിൽ സഭാ അംഗങ്ങൾ പങ്കാളികളാകണം എന്ന് സർക്കുലറിൽ ആഹ്വാനം . വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും ഭാരത് ജോഡോ യാത്രയുമായെത്തുന്ന രാഹുൽ ഗാന്ധിയെ വിഴിഞ്ഞം സമര സ്ഥലത്തെത്തിക്കാൻ അഭ്യർത്ഥിച്ച് കെ സുധാകരനെയും സമര നേതാക്കൾ കണ്ടിരുന്നു.
തൃശ്ശൂർ നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി. അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു.
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ രാഹുലിന്റെ യാത്രയെ സ്വീകരിച്ചു. രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം.
കോട്ടയം നഗരത്തിലെ ആകാശപാത പദ്ധതി നിർമ്മാണം തുടരാതെയായത് സ്ഥലം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിടിവാശി മൂലമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി. ആകാശ പാത പൊളിക്കുന്നതിനെക്കുറിച്ചു സർക്കാരിന്റെ നിലപാട് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് പറഞ്ഞു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പത്ര സമ്മേളനം നടത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിവാശി ഉപേക്ഷിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി എ.വി.റസല്‍ പറഞ്ഞു. ആകാശപാത പൊളിച്ചു നീക്കണമെന്നു പറയുമ്പോഴും പദ്ധതിക്കു പിന്നില്‍ അഴിമതി ഉണ്ടെന്ന പ്രചാരണം ഏറ്റെടുക്കാന്‍ സിപിഎം നേതൃത്വം തയാറാകുന്നില്ല എന്നും പറയപ്പെടുന്നു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതിന്‍റെ തൊട്ട് മുമ്പാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ ജാഥ വരുന്നതിന്‍റെ തലേ ദിവസം എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ കുറിച്ചുള്ള വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു പരത്തുന്നതെന്തിനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎം ആളുകളെ പറ്റിക്കാന്‍ നോക്കുകയാണ് .രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും രാഹുല്‍ ഗാന്ധിയോടുള്ള സ്നേഹവും ജാഥാ മുദ്രാവാക്യത്തോടുള്ള ജനങ്ങളുടെ താല്‍പര്യവുമാണ് വിജയത്തിന് കാരണം. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ രാഹുല്‍ ഗാന്ധി കാണുന്നുണ്ടെന്നും കേരളത്തിലും ജാഥ വലിയമുന്നേറ്റമാകുമെന്നും . കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ നാവിക പരിശീലന കേന്ദ്രത്തെ കേന്ദ്രികരിച്ചാണ് അന്വേഷണം. ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് ബാലിസ്റ്റിക് വിദഗ്‍ധയും അന്വേഷണ സംഘത്തെ അറിയിച്ചത്. അങ്ങനെയെങ്കിൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാണ് പോലീസിന്റെ ശ്രമം. അതിനായി നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങൾ കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.