ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം വാള്‍ട്ടര്‍ വീരയ്യയിലെ സോംഗ് എത്തി. ‘നുവ്വു സീത വയ്‌ത്തേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി)യാണ് ചിത്രത്തിന്റെ കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണിത്.