കേരളത്തില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കുന്‍ഗുനിയ പരത്തുന്നത്. പകല്‍ കടിക്കുന്ന ഈ കൊതുകിനെതിരേ പുലര്‍ച്ചയും വൈകുന്നേരവും കൂടുതല്‍ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടര്‍ത്തുന്നത് ഈ കൊതുകുകളാണ്. പെട്ടന്നുള്ള ഉയര്‍ന്ന പനി, സന്ധികളില്‍ കടുത്ത നീര്‍വീക്കം, വേദന (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവയില്‍), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളില്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. മിക്ക കേസുകളിലും രോഗം ഏഴ് മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കാം. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്. പ്രത്യേക വാക്‌സിനോ വൈറസ് വിരുദ്ധ മരുന്നുകളോ ചിക്കുന്‍ഗുനിയയ്ക്കില്ല. പാരസെറ്റമോള്‍ ഉപയോഗിച്ച് പനിയും വേദനയും കുറയ്ക്കാം.
കേരളത്തില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നു
