കാഴ്ചയില്‍ ചെറുതെങ്കിലും പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകള്‍. ഒമേഗ ഫാറ്റി ആസിഡ്, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇവയാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും ലിപ്പിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തിയും ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ചിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സാവധാനത്തിലാകുകയും രക്തത്തിലേക്ക് ഗ്ലൂക്കോസിനെ സാവധാനം പുറന്തള്ളുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. ചിയ വിത്തില്‍ സോല്യുബിള്‍ ഫൈബറും ഇന്‍സോല്യുബിള്‍ ഫൈബറും അടങ്ങിയതിനാല്‍ ദഹനത്തിനു സഹായിക്കുന്നു. വെള്ളം വലിച്ചെടുക്കുമ്പോള്‍ ചിയ സീഡ് ജെല്‍ പോലുള്ള ഒരു വസ്തു ആയി മാറുന്നു. ഇത് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയര്‍ നിറഞ്ഞതായുള്ള തോന്നല്‍ ഉണ്ടാക്കുന്നു. ഇവയില്‍ ഒമേഗ ഫാറ്റി ആസിഡ് ധാരാളമുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഉണ്ട്. ചിയ വിത്തുകള്‍ ഊര്‍ജം വളരെ സാവധാനത്തിലേ പുറന്തള്ളൂ. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീന്‍ ഇവ ധാരാളം അടങ്ങിയ ഈ ചിയ വിത്തുകള്‍ എല്ലുകളുടെ ശക്തിയും സാന്ദ്രതയും വര്‍ധിപ്പിക്കുന്നു. കാത്സ്യം എല്ലുകളുടെ ഘടന മെച്ചപ്പെടുത്തുമ്പോള്‍, ഫോസ്ഫറസ് എല്ലുകളുടെ ധാതുത്വം മെച്ചപ്പെടുത്തുന്നു. കാത്സ്യത്തിന്റെ ആഗിരണത്തിന് മഗ്‌നീഷ്യം സഹായിക്കുന്നു. എല്ലുകളുടെ കലകളെ നിര്‍മിക്കാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു.