ഓണത്തിന് ആഘോഷമായി റിലീസ് ചെയ്യുന്ന ‘തെക്ക് വടക്കി’ന്റെ ആദ്യ പോസ്റ്ററിലും നിറയെ ആഘോഷം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാന്‍സ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന. ജയിലറില്‍ വിനായകന്റെ ഡാന്‍സ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിനായകനും സുരാജും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്ന ആഘോഷത്തിന്റെ സ്വഭാവം പോസ്റ്ററിലും വ്യക്തം. സിനിമയുടേതായി ആമുഖ വീഡിയോകള്‍ പുറത്തു വന്നിരുന്നു. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകള്‍ ഇരുവരും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയര്‍ സിറ്റിസണ്‍സിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവര്‍ ആദ്യ പോസ്റ്ററിലും വ്യക്തം. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, വിനീത് വിശ്വം, സ്‌നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയില്‍ പ്രേംശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍ജന ഫിലിപ്പ്, വി.എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച അന്‍ജന- വാര്‍സ് ആണ് നിര്‍മ്മാണം.