വേനല്‍ക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. കാറുകളില്‍ ഉപയോഗിക്കുന്ന ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍ കാന്‍സറിന് കാരണമാകുമെന്ന് കാലിഫോര്‍ണിയയിലെ ഗ്രീന്‍ സയന്‍സ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 99 ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാര്‍ഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്‌നങ്ങളും ഉണ്ടാക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ അമേരിക്കയിലെ നാഷണല്‍ ടോക്‌സിക്കോളജി പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ സാധ്യതാ ഘടകങ്ങളുടെ പരിധിയില്‍ അന്വേഷണം നടത്തുന്ന കെമിക്കലാണിത്. മിക്ക കാറുകളിലുമുള്ള ടിഡിസിഐപിപി, ടിസിഇപി എന്നീ രണ്ട് ഫ്‌ലേം റിട്ടാര്‍ഡന്റുകള്‍ കാന്‍സറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തില്‍ പറയുന്നു. 2015-നും 2022-നും ഇടയില്‍ പുറത്തിറക്കിയ കാറുകളിലെ ക്യാബിന്‍ എയര്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ചൂടു കൂടുമ്പോള്‍ കാറിലെ മെറ്റീരിയലുകളില്‍ നിന്ന് കെമിക്കല്‍സ് പുറപ്പെടുവിക്കുന്നത് കൂടുതലായതിനാല്‍ വേനല്‍ക്കാലത്ത് വിഷമയമായ ഈ ഫ്‌ലെയിം റിട്ടാര്‍ഡന്റുകളുടെ തോത് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ ക്യാബിന്‍ എയറിലുള്ള കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളുടെ ഉറവിടം സീറ്റ് ഫോമില്‍ നിന്നാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്. തീപിടിത്ത സാധ്യത ഒഴിവാക്കാനാണ് നിര്‍മാതാക്കള്‍ സീറ്റ് ഫോമുകളില്‍ ഈ കെമിക്കലുകള്‍ ചേര്‍ക്കുന്നത്. ഇത്തരം ടോക്‌സിക്കായ ഫ്‌ലെയിം റിട്ടാര്‍ഡെന്റുകള്‍ യഥാര്‍ഥത്തില്‍ കാറിനുള്ളില്‍ പ്രത്യേക ഗുണങ്ങളൊന്നും നല്‍കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഈ കെമിക്കലുകളില്‍ നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷനേടാനുള്ള വഴിയേക്കുറിച്ചും ഗവേഷകര്‍ പറയുന്നുണ്ട്. കാറിലെ വിന്‍ഡോകള്‍ തുറന്നുവച്ചും തണലുകളിലോ ഗാരേജുകളിലോ പാര്‍ക്ക് ചെയ്തുമൊക്കെ മേല്‍പ്പറഞ്ഞ കെമിക്കലുകളുടെ പ്രവാഹം കുറയ്ക്കാമെന്നാണ് പറയുന്നത്. അപ്പോഴും ഇവയുടെ സാന്നിധ്യം കാറുകളില്‍ നിലനില്‍ക്കുന്നുവെന്നതാണ് യഥാര്‍ഥത്തില്‍ പരിഹാരം കാണേണ്ട പ്രശ്‌നമെന്നും അവര്‍ പറയുന്നുണ്ട്.