ഇരട്ട വാക്‌സീന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാധ്യത അധികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിതകപരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നാള്‍തോറും വര്‍ധിച്ചു വരികയാണ്. പുതിയ വകഭേദങ്ങള്‍ക്ക് വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടുന്നതിനുള്ള കഴിവും അധികമാണ്. കൊറോണ വൈറസിന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും അതിനാല്‍ മുന്‍അണുബാധകളില്‍ നിന്നും വാക്‌സീനുകളില്‍ നിന്നും കൈവരിച്ച പ്രതിരോധശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതിലെ വിമുഖത, വാക്‌സീന്‍ എടുത്തവരുടെ പ്രതിരോധ സംവിധാനത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ പുനരണുബാധയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കോവിഡ് വാക്‌സീനുകളുടെ കാര്യക്ഷമതയില്‍ ഉണ്ടാകുന്ന കുറവും വൈറസിന്റെ അതിവേഗ ജനിതകപരിണാമങ്ങളും മൂലം വാക്‌സീന്‍ എടുത്തവരിലെ കോവിഡ് മരണസംഖ്യ വര്‍ധിച്ചു വരികയാണ്. ഓരോ തവണയും കോവിഡ് ബാധിക്കപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതയും വര്‍ധിക്കുന്നതായി അമേരിക്കയിലെ വെറ്ററന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡേറ്റ ഉപയോഗിച്ച് നടത്തിയ മറ്റൊരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രി വാസവും മരണസാധ്യതയും വീണ്ടും കോവിഡ് അണുബാധയുണ്ടാകുന്നവരില്‍ അധികമായിരിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അപകടസാധ്യത കൂടിയ മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ കര്‍ശനമായും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദേശിക്കുന്നു.