പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ് പുതുതായി ചുമതലയേറ്റ ഇന്ത്യ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ വന്‍ പരിഷ്‌കാര നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനി പുനഃക്രമീകരണത്തിന്റെ ഭാഗമായി 4,000-5,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മൊത്തം ജീവനക്കാരുടെ 11 ശതമാനത്തിന് ജോലി നഷ്ടമായേക്കുമെന്നാണ് സൂചന. ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിലവില്‍ 35,000 ജീവനക്കാരാണുള്ളത്. മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യന്‍ ജീവനക്കാരെയാണ് പിരിച്ചു വിടല്‍ ബാധിക്കുക. ബൈജൂസിന് കീഴിലുള്ള ആകാശിന്റെ ജീവനക്കാരെ ഇത് ബാധിച്ചേക്കില്ല. ഇന്ത്യന്‍ ബിസിനസ് സി.ഇ.ഒ ആയിരുന്ന മൃണാള്‍ മോഹിത് രാജിവച്ചതിനു പിന്നാലെയാണ് ബൈജൂസില്‍ മുന്‍പ് സേവനമനുഷ്ഠിച്ചിരുന്ന അര്‍ജുന്‍ മോഹനെ സി.ഇ.ഒ ആയി നിയമിച്ചത്. കമ്പനി പുനഃസംഘടനയെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിതായാണ് അറിയുന്നത്. സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിങ്ങനെ അധിക ജീവനക്കാരുള്ള വിഭാഗങ്ങളിലാണ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കുക. മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് ഏറെക്കാലമായി ഭരണ നിര്‍വഹണം, ധനകാര്യം, കടബാധ്യത, വായ്പകള്‍ സംബന്ധിച്ച കേസ് തുടങ്ങിയ നിരവധി പ്രശ്നങ്ങളില്‍ അകപ്പട്ടിരിക്കുകയാണ്. ബംഗളൂരുവിലും മറ്റുമുണ്ടായിരുന്ന വമ്പന്‍ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞ ബൈജൂസ് ഉപകമ്പനികളെ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി തുടങ്ങിയതിനു ശേഷം 2,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടിട്ടുണ്ട്.