ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയുടെ വരുമാനം ഇതാദ്യമായി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 85,700 കോടി രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. എതിരാളിയായ ടെസ്ലയെയും പിന്നിട്ടാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ ബി.വൈ.ഡി മുന്നേറിയത്. 2024ല്‍ 97.7 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ടെസ്ല രേഖപ്പെടുത്തിയത്. ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി ഡിസംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 107 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നേടിയത്. കമ്പനിയുടെ ലാഭം 34 ശതമാനം വാര്‍ഷികവളര്‍ച്ചയും നേടി. ഇക്കാലയളവില്‍ കമ്പനി നടത്തിയത് റെക്കോഡ് വാഹന വില്‍പ്പനയാണ്. 1.76 കോടി വാഹനങ്ങളാണ് 2024ല്‍ ബി.വൈ.ഡി വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയ്ക്ക് തൊട്ട് പിന്നിലുണ്ട് ബി.വൈ.ഡി. കഴിഞ്ഞ വര്‍ഷം 1.79 കോടി കാറുകളാണ് ടെസ്ല വിറ്റഴിച്ചത്. അതേസമയം, ഹൈബ്രിഡ് മോഡലുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ബി.വൈ.ഡിയുടെ വില്‍പ്പന 4.27 കോടിയാകും. 2025ല്‍ ബി.വൈ.ഡി പ്രതീക്ഷിക്കുന്നത് 5-6 കോടിയ്ക്കടുത്ത് വാഹന വില്‍പ്പനയാണ്. 2025ന്റെ ആദ്യ രണ്ട് മാസത്തില്‍ 6,23,300 വാഹനങ്ങള്‍ ഇത് വരെ വിറ്റഴിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെക്കാള്‍ 93 ശതമാനം വളര്‍ച്ച.