നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലാഭം രുചിച്ച് ബിഎസ്എന്‍എല്‍. മൂന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കമ്പനിയുടെ ലാഭം 262 കോടി രൂപ. 2007 ന് ശേഷം ആദ്യമായാണ് ബിഎസ്എന്‍എല്‍ ലാഭത്തിലെത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ മൊബിലിറ്റി സേവനങ്ങളില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി. ഫൈബര്‍ ടു ഹോം സേവനങ്ങള്‍ 18 ശതമാനവും ലീസ്ഡ് ലൈന്‍ വരുമാനം 14 ശതമാനവും വര്‍ധിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള ചിലവുകള്‍ കുറച്ചതിലുടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,800 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. അടുത്തിടെ സജീവമാക്കിയ നാഷണല്‍ വൈഫൈ റോമിംഗ്, മൊബൈല്‍ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യ വിനോദ സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കളുടെ പിന്തുണ കൂട്ടാന്‍ സഹായിച്ചു. സേവന മികവ്, 5ജി ക്ഷമത, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്. ഇത് ബിഎസ്എന്‍എല്ലിനെ മത്സരക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.