മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
സര്‍ക്കാര്‍ സമര്‍പ്പിച്ച 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കമുള്ളവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ നീരസം പ്രകടിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ചീഫ് സെക്രട്ടറിയോടു സംസാരിച്ചത്.
നാലു വര്‍ഷത്തിനിടെ പത്തു ലക്ഷത്തോളം കോടി രൂപ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളി. ധനമന്ത്രാലയം പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. നാലു വര്‍ഷത്തിനിടെ 10,306 പേരാണ് വന്‍ തുക കടമെടുത്ത് തിരിച്ചടയ്ക്കാതിരുന്നത്. നാലു വര്‍ഷത്തിനിടെ 9,91,640 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഈ വര്‍ഷം 1,57,096 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. വായ്പാ തട്ടിപ്പുകാരില്‍ ഒന്നാമന്‍ മെഹുല്‍ ചോക്സിയും അദ്ദേഹത്തിന്റെ ഗീതാന്‍ജലി ജെംസുമാണ്. 7,110 കോടി രൂപയുടെ വായ്പാ തട്ടിപ്പ്. പത്തു കമ്പനികളാണ് 37,441 കോടി രൂപ വായ്പ തട്ടിപ്പ് നടത്തിയത്.
സ്വകാര്യ സംരംഭങ്ങളെ അനുവദിച്ചുകൊണ്ട് വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബില്ലിനെതിരെ വൈദ്യുതി ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക് ഇന്ന്. കേരളത്തിലെ കെഎസ്ഇബിയിലും പണിമുടക്കാണ്. ആവശ്യസേവനങ്ങള്‍ക്കു മാത്രമേ ജീവനക്കാര്‍ ഉണ്ടാകൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം.
ഇടമലയാര്‍ ഡാം നാളെ രാവിലെ 10 ന് തുറക്കും. ആദ്യം 50 ക്യുമെക്സും തുടര്‍ന്ന് 100 ക്യുമെക്സും വെള്ളം തുറന്നു വിടും. ഭൂതത്താന്‍കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്ത് എത്തും. ബാണാസുരസാഗര്‍, കക്കി ആനത്തോട് ഡാമുകളുടെ ഷട്ടറുകളും ഇന്നു രാവിലെ തുറക്കും. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു. ആറു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു.
ഇടുക്കി അണക്കെട്ടില്‍ നിന്ന് ഇന്ന് കൂടുതല്‍ വെള്ളം തുറന്നു വിടും. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനുള്ള സാധ്യത പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. സെക്കന്‍ഡില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റിയുടെ തീരുമാനം. നിലവില്‍ മൂന്നു ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.
മഴയും മണ്ണിടിച്ചില്‍ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, തൃശൂര്‍ ജില്ലകളിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര നിരോധിച്ചു. മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. ബീച്ചിലേക്കും പോകരുതെന്നാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉടനേ അംഗീകാരം വേണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അവശ്യ ഭക്ഷ്യസാധനങ്ങള്‍ക്കു ജിഎസ്ടി ചുമത്തിയ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.