gov 2

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിംഗ്ഹാമില്‍ പ്രൗഢോജ്വലമായ സമാപനം. ഇന്നലെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയുമായിറങ്ങിയ അഞ്ചിനങ്ങളില്‍ ഇന്ത്യക്ക് നാലിലും സ്വര്‍ണം.ബാഡ്മിന്റണില്‍ വനിതകളുടെ സിംഗിള്‍സില്‍ പി.വി.സിന്ധുവും പുരുഷന്‍മാരുടെ സിംഗിള്‍സില്‍ ലക്ഷ്യസെന്നും പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി – സാത്വിക് സായ് രാജ് സഖ്യവും സ്വര്‍ണം നേടി. ടേബിള്‍ ടെന്നീസിലെ പുരുഷ സിംഗിള്‍സില്‍ ശരത് കമാലിലൂടെ ഇന്ത്യ ഇന്നലെ നാലാമത്തെ സ്വര്‍ണം നേടി. അതേസമയം പുരുഷ ഹോക്കി ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ ഇന്ത്യ  നാണംകെട്ടു. എതിരില്ലാത്ത ഏഴ് ഗോളിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം വെള്ളിയില്‍ ഒതുങ്ങി. 66 സ്വര്‍ണമടക്കം 178 മെഡലുകളോടെ ഓസ്‌ട്രേലിയ ഒന്നാം സഥാനത്തും 57 സ്വര്‍ണമടക്കം 176  മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമെത്തി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടി മെഡല്‍ നേട്ടം 61 ല്‍ എത്തിച്ച ഇന്ത്യയുടെ സ്ഥാനം 26 സ്വര്‍ണമടക്കം 92 മെഡലുകള്‍ നേടിയ കാനഡക്കു പിന്നില്‍ നാലാമതാണ്.

ദേശീയപാതാ റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ 21 ാം തീയതി ആയതിനാല്‍ സാവകാശം വേണമെന്ന് ദേശീയ പാത അതോറിറ്റി വാദിച്ചു. എന്നാല്‍ അതിനുമുന്‍പ് താത്കാലിക പണികള്‍ പൂര്‍ത്തിയാക്കണണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രക്കാര്‍ മരിക്കാന്‍ ഇടയാകരുത്. റോഡു തകര്‍ന്നതു കണ്ടാല്‍ ജില്ലാ കളക്ടര്‍ മാത്രമല്ല, വില്ലേജ് ഓഫീസറും റിപ്പോര്‍ട്ടു ചെയ്യണമെന്നാണു വ്യവസ്ഥയെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ ഒപ്പുവച്ചില്ല. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ പോര്. ചീഫ് സെക്രട്ടറി അനുനയ സന്ദര്‍ശനം നടത്തി ഒപ്പിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കണ്ണുമടച്ച് ഒപ്പിടില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉറച്ചുനിന്നു. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഒപ്പിടുമെന്ന പ്രതീക്ഷയില്‍ അര്‍ധരാത്രിവരെ നിയമ വകുപ്പ് ഉദ്യോഗസ്ഥരും പ്രസ് ജീവനക്കാരും കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുദര്‍ശനം. ദീര്‍ഘകാലം ബര്‍ലിനില്‍ പത്രപ്രവര്‍ത്തകനായിരുന്നു. അവസാന കാലത്ത് പ്രമേഹം മൂര്‍ച്ഛിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിട്ടു. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളുടെ ഷട്ടറുകളാണ് കൂടുതല്‍ ഉയര്‍ത്തിയത്. ശിരുവാണി, മലമ്പുഴ, പമ്പ, മാട്ടുപെട്ടി, ബാണാസുരസാഗര്‍, കാഞ്ഞിരപ്പുഴ, പാംബ്ല ഡാമുകളില്‍നിന്നു വെള്ളം തുറന്നുവിട്ടു.

വീണ്ടും മഴ ഭീഷണി. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത.  12 ാം തിയതി വരെ ശക്തമായ മഴ ഉണ്ടാകും. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.

അവയവദാനത്തിന് സമഗ്ര നിയമം തയാറാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിനു കീഴിലാക്കും. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടര്‍ ചികിത്സ എന്നിവയില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ. രവി രാമന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് എന്നിവരാണ് അംഗങ്ങള്‍. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും വീണ്ടും പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *