മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്റ്റ് സെഡാനായ നാലാം തലമുറ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ചു. നവംബര്‍ 11നാണ് പുതിയ തലമുറ ഡിസയര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 11,000 രൂപ നല്കി മാരുതി സുസുക്കി ഡിസയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ അഗ്രസീവ് ഡിസൈന്‍ ആയിരിക്കും പുതിയ ഡിസയറിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ റേഡിയേറ്റര്‍ ഗ്രില്‍, സംയോജിത ഡേടൈം റണ്ണിങ് ലൈറ്റുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് വാഹനം വിപണിയിലെത്തുക. നിലവിലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാകും പുതിയ ഡിസയറും സഞ്ചരിക്കുക. 80 ബിഎച്പി കരുത്തും 112 എന്‍എം ടോര്്കും ഉത്പാദിപ്പിക്കുന്ന പുതിയ 1.2-ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ഇസെഡ് സീരീസ് പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയിലെത്തുക. ഏറ്റവും പുതിയ സ്വിഫ്റ്റില്‍ കാണുന്ന അതേ എന്‍ജിനാണ് ഇതിലുണ്ടാകുക. ട്രാന്സ്മിഷന് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവലും എഎംടിയും ഉള്‍പ്പെടും. ഇതിന് 7മുതല്‍ 10 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.