സിട്രോണുമായി കരാര്‍ ഒപ്പിട്ട് ബ്ലൂ സ്മാര്‍ട്. 4000 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഇരുകമ്പനികളും ഒപ്പിട്ടിരിക്കുന്നത്. കരാര്‍ പ്രകാരം ബ്ലൂ സ്മാര്‍ട് മൊബിലിറ്റിയുടെ ക്യാബ് ആയി ഓടാന്‍ 12 മാസത്തേയ്ക്ക് 4000 ഇ സി 3 ഇലക്ട്രിക് കാറുകള്‍ എത്തും. ഇതോടെ ടാറ്റയുടെയും മഹീന്ദ്രയുടെയും ഇവി ഉപയോഗിച്ചിരുന്ന ബ്ലൂ സ്മാര്‍ട്ടിലേക്കു സിട്രോണ്‍ ഇ സി 3 ഇവി കൂടി എത്തും. ആദ്യഘട്ടത്തില്‍ സിട്രോണ്‍ 125 യൂണിറ്റുകള്‍ കൈമാറി. ഇ വി കള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത് ബെംഗളൂരുവിലെ ബ്ലൂ സ്മാര്‍ട് മൊബിലിറ്റി ക്യാബ് അഗ്രിഗേറ്ററിന്റെ ചാര്‍ജിങ് ഹബ്ബില്‍ നിന്നാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇ സി 3 ഇ വി കള്‍ ബ്ലൂ സ്മാര്‍ട്ടിലെത്തും. 2023 ഫെബ്രുവരിയിലാണ് സിട്രോണിന്റെ ഇ സി 3 ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലെത്തിയത്. എയര്‍ കൂള്‍ഡ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 29.2 കിലോവാട്ട് ബാറ്ററിക്ക് 320 കി.മീ റേഞ്ചുണ്ട്. ഓട്ടത്തില്‍ ചാര്‍ജാകാന്‍ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം. 57 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജുചെയ്യാം. നിലവിലെ ഇലക്ട്രിക്കുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ ഇ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാര്‍ജ് ചെയ്യാം. സാധാരണ 15 ആംപ് സോക്കറ്റില്‍ കുത്താനാകുന്ന സ്ലോ ചാര്‍ജറുമുണ്ട്. ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കില്‍ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കില്‍ 5 വര്‍ഷം, വാഹനത്തിന് 3 വര്‍ഷം അല്ലെങ്കില്‍ 125 കിലോമീറ്റര്‍ എന്നിങ്ങനെ വാറന്റി. ഫീല്‍, ഫീല്‍ വൈബ്, ഷൈന്‍, ഷൈന്‍ വൈബ് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 12.69 ലക്ഷം രൂപ മുതല്‍ 13.49 ലക്ഷം രൂപ വരെയാണ്.