ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍ഷിമേഴ്‌സ് പ്രവചിക്കാന്‍ സാധിക്കുന്ന ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നിലവില്‍ അല്‍ഷിമേഴ്‌സ് രോഗനിര്‍ണയത്തിന് ന്യൂറോ ഇമേജിങ് പോലുളള ചെലവേറിയ സങ്കേതങ്ങള്‍ ആവശ്യമാണ്. നിരവധി രോഗികള്‍ ഉള്ളതിനാല്‍ ഇതിനു വേണ്ടി കൂടുതല്‍ കാലം കാത്തിരിക്കേണ്ടതായും വരും. അതേ സമയം ചെലവ് കുറഞ്ഞതും സുരക്ഷിതവും വളരെ ലളിതവുമായ മാര്‍ഗത്തിലൂടെ അല്‍ഷിമേഴ്‌സ് കണ്ടെത്താന്‍ പുതിയ രക്തപരിശോധനയിലൂടെ സാധിക്കും. ബിഡി-താവ് അഥവാ ബ്രെയ്ന്‍ ഡെറൈവ്ഡ് താവ് എന്ന ബയോമാര്‍ക്കറാണ് ഈ രക്തപരിശോധനയിലൂടെ കണ്ടെത്തുന്നതെന്ന് ബ്രെയ്ന്‍ ജേണല്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. തലച്ചോറിലെ കോശങ്ങള്‍ ചുരുങ്ങാനും നശിക്കാനും ഇടയാക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് അല്‍ഷിമേഴ്‌സ് എന്ന മറവി രോഗം. വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും തനിയെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവിനെയുമെല്ലാം ഇത് ബാധിക്കാം. പതിയെ പതിയെ പുരോഗമിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകില്ല. എന്നാല്‍ ലക്ഷണങ്ങള്‍ വന്നു തുടങ്ങിയാല്‍ പിന്നീടൊരു തിരിച്ച് പോക്കും ജീവിതത്തില്‍ സാധ്യമല്ല. ചെറിയ ഓര്‍മക്കുറവായി തുടങ്ങുന്ന അല്‍ഷിമേഴ്‌സ് പിന്നീട് ഒരു സംഭാഷണം പൂര്‍ത്തിയാക്കാനോ ചുറ്റുപാടുകളോട് പ്രതികരിക്കാനോ ശേഷിയില്ലാത്തയാളായി രോഗിയെ മാറ്റാം. ചിന്താശേഷി, ഓര്‍മ, ഭാഷ എന്നിവയെയെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെയാണ് ഈ മറവിരോഗം ബാധിക്കുന്നത്. ഇത് വരേക്കും ഈ രോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപാധികളൊന്നും വൈദ്യലോകം വികസിപ്പിച്ചിരുന്നില്ല. പുതിയ കണ്ടെത്തലിലൂടെ ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ലോകം.