തണുപ്പു കാലത്ത് രക്തസമ്മര്‍ദം ഉയരുന്നത് പക്ഷാഘാതവും ഹൃദയാഘാതവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് പഠനം. അതിശൈത്യം ആഞ്ഞടിക്കുന്ന ഉത്തര്‍പ്രദേശില്‍ ഹൃദയാഘാത, പക്ഷാഘാത കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മലമ്പ്രദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഉയരത്തില്‍ ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം. ദിവസങ്ങളോളം വെയില്‍ കാണാതെ വീടുകളില്‍ അടച്ചിരിക്കുന്നവര്‍ക്ക് സമ്മര്‍ദമുണ്ടാകാമെന്നും ഇതും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. താപനില കുറവുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താനും കൃത്യസമയത്തു പരിശോധന നടത്താനും ബിപി രോഗികള്‍ ശ്രദ്ധിക്കണം. തണുപ്പു കാലത്ത് വിയര്‍ക്കാതിരിക്കുന്നത് ശരീരത്തില്‍ സോഡിയത്തിന്റെ തോത് ഉയരാനിടയാക്കും. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കു നയിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പുറമേ പ്രമേഹം, അമിതവണ്ണം, ചയാപചയ പ്രശ്‌നങ്ങള്‍, അലസ ജീവിതശൈലി, ഓക്‌സിജന്‍ ഇല്ലായ്മ, പുകവലി എന്നിവയും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കാം. രോഗികള്‍ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കാന്‍ മടിക്കുന്നതും നിലവില്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അത് നിര്‍ത്തുന്നതും സ്ഥിതി വഷളാക്കും. തണുപ്പു കാലത്ത് വൈറ്റമിന്‍ ഡി ഗുളിക കഴിക്കുന്നത് ഗുണം ചെയ്യും. തണുപ്പ് അധികം ഉള്ളപ്പോള്‍ പ്രഭാതനടത്തത്തിന് പുറത്തു പോകുന്നതും നന്നല്ല.